തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ ആണ് ആമിറിന്റെ അടുത്ത ചിത്രം. എപിക് ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രത്തില്‍ അമിതാഭ് ബച്ചനും കത്രീന കൈഫും ഫാത്തിമ സന ഷെയ്ഖും അടക്കമുള്ള വമ്പന്‍ താരനിരയുണ്ട്. 

ഒരു ബോളിവുഡ് താരം എന്നതിനപ്പുറം സാമൂഹ്യപ്രതിബന്ധതയുള്ള കലാകാരന്‍ എന്ന പ്രതിച്ഛായയുണ്ട് ആമിര്‍ ഖാന്. പൊതുവിഷയങ്ങളില്‍ സ്വന്തം നിലപാട് തുറന്നുപറയാന്‍ മടി കാട്ടുന്ന സെലിബ്രിറ്റികളില്‍ നിന്ന് വ്യത്യസ്തനാണ് അദ്ദേഹം. സത്യമേവ ജയതേ പോലുള്ള പരിപാടികളുടെ അവതാരകനായി മുന്‍പ് ആമിര്‍ നിശ്ചയിക്കപ്പെട്ടതും ഈ ഇമേജ് ഒപ്പമുള്ളത് കൊണ്ടാവും. എന്നാല്‍ സാമൂഹികവിഷയങ്ങളൊക്കെ നിരീക്ഷിക്കുന്ന, അത്തരം കാര്യങ്ങളില്‍ കൃത്യമായ നിലപാടുള്ള ആമിര്‍ രാഷ്ട്രീയത്തിലേക്ക് വരുമോ? എന്‍ഡിടിവി സംഘടിപ്പിച്ച 'യുവ' കോണ്‍ക്ലേവില്‍ ആമിര്‍ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞു.

കലാകാരന്‍ എന്ന നിലയില്‍ ചെയ്യാനാവുന്നതില്‍ കൂടുതലൊന്നും ചെയ്യാന്‍ രാഷ്ട്രീയക്കാരനായാല്‍ തനിക്ക് സാധിക്കില്ലെന്ന് ആമിര്‍ പറഞ്ഞു. സര്‍ഗാത്മകതയാണ് എന്റെ ബലം. കലാകാരന്‍ എന്ന നിലയില്‍ നന്നായി വിനിമയം ചെയ്യാനാവുന്നുണ്ട് എനിക്ക്. മനുഷ്യരുടെ ഹൃദയം തൊടാനാവുന്നുണ്ട്. രാഷ്ട്രീയത്തില്‍ വരുന്നതിനെക്കുറിച്ച് ഭയമാണോ എന്ന ചോദ്യത്തിന് ആര്‍ക്കാണ് അതില്‍ ഭയമില്ലാത്തത് എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ പൗരന്മാര്‍ എന്ന നിലയില്‍ സര്‍ക്കാരുകളെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആമിര്‍ ഊന്നിപ്പറഞ്ഞു. നമ്മള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരാണ് അവര്‍, അക്കാര്യത്തില്‍ ഒരു സംശയവുമില്ല; ആമിര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ ആണ് ആമിറിന്റെ അടുത്ത ചിത്രം. എപിക് ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തില്‍ അമിതാഭ് ബച്ചനും കത്രീന കൈഫും ഫാത്തിമ സന ഷെയ്ഖും അടക്കമുള്ള വമ്പന്‍ താരനിരയുണ്ട്. വിജയ് കൃഷ്ണ ആചാര്യയാണ് സംവിധാനം.