തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്‍തതില്‍ സര്‍ക്കാരിനും പൊലീസിനും പിന്തുണ അറിയിച്ച് സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കാനാണ് സംഘടന ആഗ്രഹിക്കുന്നതെന്നും ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവൺമെൻറിലും തുടർന്നും ഞങ്ങൾ വിശ്വസിക്കുന്നുവെന്നും സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പോരാടുന്നവൾക്ക് പ്രതിരോധം തീർത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ കണ്ണും കാതും തുറന്നു വച്ച് ഞങ്ങൾ ഇവിടെയുണ്ടെന്നും ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണെന്നും പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്‍റെ പൂര്‍ണരൂപം.
ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമൻ ഇൻ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവൺമെൻറിലും തുടർന്നും ഞങ്ങൾ വിശ്വസിക്കുന്നു. അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകൾ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങൾ ഇവിടെയുണ്ട്... പോരാടുന്നവൾക്ക് പ്രതിരോധം തീർത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്.
