മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി മാറുമെന്ന് കരുതപ്പെടുന്നതാണ് ആന്ധ്രപ്രദേശ്  മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥാപാത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്നത് യാത്ര എന്ന സിനിമയിലാണ്. തെലുങ്ക് ഭാഷയില്‍ പുറത്തിറങ്ങുന്ന യാത്രയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ടോളിവുഡില്‍ മാത്രമല്ല മലയാള പ്രേക്ഷകരും ആകാംക്ഷയോടെ തന്നെയാണ് യാത്രയെ കാത്തിരിക്കുന്നത്. നോക്കിലും ചലനത്തിലുമെല്ലാം വൈ എസ് രാജശേഖര റെഡ്ഡിയെ മമ്മൂട്ടി കൃത്യമായി പകര്‍ത്തുന്നുണ്ട് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. സംവിധായകന്‍ മഹി വി രാഘവനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്. ഫെബ്രുവരി എട്ടിന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.