ശേഖര്‍ കപൂറിന്റെ മധ്യസ്ഥശ്രമം പരാജയപ്പെട്ടു   വിട്ടുവീഴ്ചയില്ലാതെ വാര്‍ത്താവിതരണ മന്ത്രാലയം

വിവാദത്തിലായ ദേശീയ ചലച്ചിത്ര പുരസ്‌കാരവേദിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എഴുപത് അവാര്‍ഡ് ജേതാക്കളുടെ തീരുമാനം. മലയാളത്തില്‍ നിന്ന് ഫഹദ്, പാര്‍വ്വതി, സജീവ് പാഴൂര്‍, അനീസ് കെ.മാപ്പിള എന്നിവരടക്കമുള്ള മിക്കവാറും ജേതാക്കള്‍ വിട്ടുനില്‍ക്കുമ്പോള്‍ യേശുദാസും ജയരാജും പങ്കെടുക്കും. ബഹിഷ്‌കരണത്തോട് യോജിപ്പില്ലെന്നാണ് ഇരുവരുടെയും നിലപാട്. 

കേന്ദ്രസര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയേക്കുമെന്നാണ് നിലപാടെന്നും രാഷ്ട്രപതി തന്നെ എല്ലാവര്‍ക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജയരാജ് നേരത്തേ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. രാഷ്ട്രപതി തന്നെ എല്ലാവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കിയില്ലെങ്കിലും താന്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

അവാര്‍ഡ്ദാന ചടങ്ങിലെ പ്രതിസന്ധി പരിഹരിക്കാന്‍ ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ മധ്യസ്ഥത വഹിക്കാന്‍ ശ്രമിച്ചിരുന്നു. ഇതുപ്രകാരം അദ്ദേഹം പ്രതിഷേധമുള്ള അവാര്‍ഡ് ജേതാക്കളുമായി ഉച്ചയ്ക്ക് മുന്‍പ് ചര്‍ച്ചയും നടത്തിയിരുന്നു. രാഷ്ട്രപതി ചടങ്ങിന് അനുവദിച്ചിരിക്കുന്ന ഒരു മണിക്കൂര്‍ സമയം എന്നത് നീട്ടിക്കിട്ടാന്‍ ശ്രമിക്കാമെന്നാണ് ശേഖര്‍ കപൂര്‍ പ്രതിഷേധക്കാരോട് പറഞ്ഞത്. എന്നാല്‍ മുന്‍തീരുമാനത്തില്‍ നിന്ന് മാറാന്‍ രാഷ്ട്രപതിയുടെ ഓഫീസോ വാര്‍ത്താവിതരണ മന്ത്രാലയമോ തയ്യാറായില്ല.