Asianet News MalayalamAsianet News Malayalam

യുവനടിമാർക്ക് എതിരായ അതിക്രമം: മാളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്, അപലപിച്ച് വനിതാ കമ്മീഷൻ

യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് നീക്കം തുടങ്ങി. ഇതിനായി വനിതാ പൊലീസുകാർ ഉൾപ്പെട്ട സംഘം കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്.

Youth actresses attacked in Kozhikode, Police to collect CCTV footage, Women commission condemns 
Author
First Published Sep 28, 2022, 12:07 PM IST

കോഴിക്കോട്: സിനിമാ പ്രൊമോഷനിടെ, കോഴിക്കോട്ടെ മാളിൽ യുവനടിമാരെ അതിക്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നിർമാതാക്കളിൽ നിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിക്രമം നടന്ന ഹൈലൈറ്റ് മാളിൽ പൊലീസ് സംഘമെത്തി. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. ഇതിനിടെ അക്രമത്തിന് ഇരയായ, യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് നീക്കം തുടങ്ങി. ഇതിനായി വനിതാ പൊലീസുകാർ ഉൾപ്പെട്ട സംഘം കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുക. ഫറോക്ക് എസിപിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

അതിക്രമം നടത്തിയ ആളുകളെ ഏറെക്കുറെ  തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കേസെടുത്ത ശേഷം സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാ‍ർഡ് ഡിസ്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പാളിച്ചയുണ്ടായോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

അപലപിച്ച് വനിതാ കമ്മീഷൻ

കോഴിക്കോട് സ്വകാര്യ മാളിൽ യുവ നടിമാർക്ക് എതിരെ നടന്ന അതിക്രമം അപലപനീയവും വളരെ ആശങ്ക ഉണ്ടാക്കുന്നതുമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. സംഭവത്തിൽ പൊലീസ് ഇടപെട്ട് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി ആവശ്യപ്പെട്ടു. 

കോഴിക്കോട്ടെ മാളിൽ നടന്ന പ്രമോഷൻ പരിപാടിക്കിടെ യുവനടിക്ക് നേരെ ലൈംഗീക അതിക്രമം

ഇന്നലെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ മാളിൽ എത്തിയപ്പോഴാണ് യുവനടിമാർക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. അക്രമം നേരിട്ട നടിമാരിൽ ഒരാൾ ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തനിക്കൊപ്പം പ്രമോഷൻ പരിപാടിക്കെത്തിയ മറ്റൊരു സഹപ്രവർത്തകയ്ക്കും സമാന അനുഭവം ഉണ്ടായെന്നും നടി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. 

നടിയുടെ പോസ്റ്റിൽ നിന്ന്.... 

ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവ‍ര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവ‍ര്‍? 

പ്രമോഷന്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവ‍ര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവ‍ര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്.... തീര്‍ന്നോ നിന്റെയൊക്കെ അസുഖം...


 

Follow Us:
Download App:
  • android
  • ios