വാഷിംഗ്‌ടണ്‍: അമേരിക്കൻ തെരഞ്ഞടുപ്പിൽ ഇന്ത്യൻ വേരുകളുള്ള കമലാ ഹാരിസ് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകും എന്ന് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കമലായെ കടന്നാക്രമിച്ച് ആരോപണങ്ങളുമായി വാര്‍ത്താസമ്മേളനത്തില്‍ രംഗത്തെത്തി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമലാ ഹാരിസിന് യോഗ്യത ഇല്ല എന്നായിരുന്നു ട്രംപിന്‍റെ വാദം. എന്നാല്‍ ഈ ആരോപണം പെരുംനുണയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. 

 

ട്രംപിന്‍റെ ആരോപണം ഇങ്ങനെ

'അമേരിക്കയില്‍ ജനിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യത കമലാ ഹാരിസിനില്ല എന്നാണ് ഞാന്‍ അറിഞ്ഞത്. എനിക്ക് ഇക്കാര്യം ഉറപ്പില്ല, പരിശോധിക്കും' എന്നുമായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. ഈ ആരോപണങ്ങള്‍ക്ക് പിന്നാലെ രണ്ടാമതൊരിക്കല്‍ കൂടി ട്രംപ് സമാന വിമര്‍ശനം ഉന്നയിച്ചു. 

കാണാം ട്രംപിന്‍റെ വിവാദ പ്രസംഗം

വസ്‌തുത

കമലാ ഹാരിസ് ജനിച്ചതും വളർന്നതും അമേരിക്കൻ മണ്ണിൽ തന്നെയാണ്. അവരുടെ മുഴുവൻ പേര് കമലാ ദേവി ഹാരിസ് എന്നാണ്. 1964 ഒക്ടോബർ 20-ന് അമേരിക്കയിലെ ഓക്‌ലാന്റിലാണ് ജനനം. അതിനാല്‍ തന്നെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ യോഗ്യയാണ് അവര്‍. 1960 കളിൽ തമിഴ്നാട്ടിൽ നിന്നും അമേരിക്കയിലെത്തിയ  കാൻസര്‍ ഗവേഷക ശ്യാമളാ ഗോപാലിന്‍റെയും ജമേക്കൻ വംശജൻ ഡോണൾ ഹാരിസിന്‍റെയും മകളാണ് കമലാ ഹാരിസ്. എന്നാല്‍ ഇത് അവരുടെ സ്ഥാനാര്‍ഥിത്വത്തിന് തടസമല്ല. 

കമലാ ഹാരിസിനെ കുറിച്ചുള്ള വിവരങ്ങള്‍ അവരുടെയും, ജോ ബൈഡന്‍റെ തെരഞ്ഞെടുപ്പ് വെബ്‌സൈറ്റിലും നല്‍കിയിട്ടുണ്ട്. ഇതിലും കമലായുടെ അമേരിക്കന്‍ ജീവിതം വിശദമായി വിവരിച്ചിട്ടുണ്ട്. 

 

ട്രംപിന് തെറ്റി; സ്ഥാനാര്‍ഥിത്വം അംഗീകരിച്ച് വൈറ്റ് ഹൗസ്

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമലാ ഹാരിസ് യോഗ്യയാണെന്ന് വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക് മെഡോസ് വ്യക്തമാക്കി. 'അമേരിക്കയില്‍ ജനിച്ചവരാകണം, 35 വയസ് പിന്നിട്ടിരിക്കണം, കുറഞ്ഞത് 14 വര്‍ഷം അമേരിക്കയില്‍ ജീവിച്ചവരാകണം' എന്നിവയാണ് പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള യോഗ്യതകള്‍. ഇവ മൂന്നും 55 വയസുകാരിയായ കമലാ ഹാരിസിനുണ്ട്. 

 

നിഗമനം

അമേരിക്കയില്‍ ജനിക്കാത്ത കമലാ ഹാരിസിന് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ യോഗ്യതയില്ല എന്ന ട്രംപിന്‍റെ ആരോപണം നുണയാണ്. ഇന്ത്യന്‍ ബന്ധമുണ്ടെങ്കിലും കമലാ ജനിച്ചത് കാലിഫോര്‍ണിയയിലെ ഓക്‌ലാന്റിലാണ്. ഇതോടെ തെരഞ്ഞെടുപ്പ് ക്യാംപയിനിങ്ങിനിടെ ട്രംപിന്‍റെ ഒരു നുണകൂടി പൊളിഞ്ഞിരിക്കുന്നു. ബരാക്ക് ഒബാമയ്‌ക്ക് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യതയില്ല എന്ന വിമര്‍ശനം മുമ്പ് രൂക്ഷമായി ഉന്നയിച്ചയാളാണ് ഡോണള്‍ഡ് ട്രംപ്. സമാനമാണ് കമലാ ഹാരിസിനെതിരായ ആരോപണവും. 

കമലാ ഹാരിസിന്‍റെ ഇന്ത്യന്‍ വേരുകള്‍; വിശദമായി വായിക്കാം

ഓടിക്കൊണ്ടിരുന്ന ബസില്‍ ഇരച്ചുകയറി ജലം; വെള്ളപ്പൊക്ക വീഡിയോ ദില്ലിയിലേയോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​