ബര്‍ലിന്‍: മൂന്ന് കണ്ണുകളുമായി ജനിച്ച കുട്ടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ജര്‍മനിയിലാണ് ലോകത്തിന് അത്ഭുതമായി ഈ കുട്ടിയുടെ ജനനം എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പറയുന്നത്. എന്നാല്‍ ഈ വീഡിയോ വ്യാജമാണ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വൈറല്‍ വീഡിയോയ്‌ക്ക് പിന്നില്‍ സംഭവിച്ചത് എന്താണെന്ന് നോക്കാം. 

വൈറല്‍ പ്രചാരണം

11 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുട്ടിയോട് ഒരാള്‍ സംസാരിക്കുന്നതും കവിളില്‍ തലോടുന്നതും വീഡിയോയിലുണ്ട്. നെറ്റിയിലായി മൂന്നാമതൊരു കണ്ണും കാണാം. ഫേസ്‌ബുക്കും ട്വിറ്ററും യൂട്യൂബും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. 

 

വസ്‌തുത

കുട്ടിയുടെ മൂന്നാം കണ്ണ് എഡിറ്റ് ചെയ്‌ത് ചേര്‍ത്തതാണ് എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കുട്ടിയുടെ ഇടത്തേ കണ്ണിന്‍റെ പകര്‍പ്പാണ് എഡിറ്റ് ചെയ്‌ത് മൂന്നാമത്തേതായി ചേര്‍ത്തിരിക്കുന്നത്. ഈ രണ്ട് കണ്ണുകളുടെ ചലനം ഒരേ രീതിയിലാണെന്ന് ശ്രദ്ധിച്ചു നോക്കുമ്പോള്‍ വ്യക്തം. മൂന്ന് കണ്ണുകളുമായി കുട്ടി ജനിച്ചതായി ആധികാരികമായ മാധ്യമങ്ങളോ മെഡിക്കല്‍-ശാസ്‌ത്ര പ്രസിദ്ധീകരണങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല എന്നതും വീഡിയോ വ്യാജമാണ് എന്ന് തെളിയിക്കുന്നു. 

നിഗമനം

ജര്‍മനിയില്‍ മൂന്ന് കണ്ണുകളുമായി ഒരു കുട്ടി ജനിച്ചെന്ന വീഡിയോ വ്യാജമാണ്. നെറ്റിയിലായി പ്രത്യക്ഷപ്പെട്ട കണ്ണ് എഡിറ്റ് ചെയ്‌ത് ചേര്‍ത്തതാണ് എന്നാണ് തെളിഞ്ഞത്.  

കൊവിഡ് വാക്‌സിന്‍ പരീക്ഷണം വിജയമെന്ന് റഷ്യ; അവകാശവാദങ്ങള്‍ക്കപ്പുറം അറിയാനേറെ

കോഴിക്കോട് ജില്ലയില്‍ ജൂലൈ 17ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; ശബ്‌ദ സന്ദേശം വ്യാജം

Read more: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​