രത്തൻ ടാറ്റ, ധിരുഭായ് അംബാനി, നാരായണ മൂർത്തി, ഗൗതം അദാനി തുടങ്ങിയ രാജ്യത്തെ പ്രമുഖ ബിസിനസുകാരാണ് വൈറല്‍ ഫോട്ടോയിലുള്ളത്. ഈ ചിത്രത്തിന്‍റെ വസ്‌തുത ഫാക്‌ട് ചെക്കിലൂടെ പരിശോധിക്കാം.
രത്തൻ ടാറ്റ, ധിരുഭായ് അംബാനി, നാരായണ മൂർത്തി, ഗൗതം അദാനി തുടങ്ങി രാജ്യത്തെ ബിസിനസ്സ് പ്രമുഖര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതായി ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇവര്‍ ചീട്ടുകളിക്കുന്നതും, പാനീയങ്ങളും ലഘു ഭക്ഷണങ്ങളും കഴിക്കുന്നതുമാണ് വൈറല്‍ ഫോട്ടോയില്‍ കാണുന്നത്. യഥാര്‍ഥ ഫോട്ടോ എന്ന് പറയപ്പെടുന്ന ഈ ചിത്രം സത്യമോ? ഏറെ പഴക്കം തോന്നിക്കുന്ന ഈ ചിത്രത്തിലേതുപോലെയൊരു കൂടിക്കാഴ്‌ച ഈ ബിസിനസ് വമ്പന്‍മാര്‍ തമ്മില്‍ സാധ്യമായിരുന്നോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കേ വസ്‌തുത പരിശോധിക്കാം.

വസ്‌തുതാ പരിശോധന
രത്തൻ ടാറ്റ, ധിരുഭായ് അംബാനി, നാരായണ മൂർത്തി, ഗൗതം അദാനി തുടങ്ങിയ രാജ്യത്തെ ബിസിനസ് അധികായര്‍ ഒന്നിച്ചുള്ള ഈ ചിത്രത്തിന്‍റെ വസ്‌തുത തിരയാന്‍ കീവേഡ് സെര്‍ച്ച് നടത്തിയെങ്കിലും ഫോട്ടോയേയോ കൂടിക്കാഴ്‌ചയേയോ കുറിച്ച് ആധികാരികമായ വാര്‍ത്തകളൊന്നും ലഭ്യമായില്ല. ഇതൊരു സ്വകാര്യ കൂടിക്കാഴ്‌ചയുടെ ചിത്രമാണോ എന്ന് കണ്ടെത്താനും സാധിച്ചില്ല. വൈറല്‍ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് മാര്‍ഗത്തിലൂടെ പരിശോധിച്ചപ്പോഴും മതിയായ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ നിന്ന് കിട്ടിയില്ല. ഇതോടെ, ഈ ഫോട്ടോ എഐ നിര്‍മ്മിതമാണോ എന്ന സംശയം ബലപ്പെട്ടു. ഇതേത്തുടര്‍ന്ന്, ഈ ഫോട്ടോ എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ച് പരിശോധനയ്‌ക്ക് വിധേയമാക്കി. ഈ പരിശോധനയിലെ മിക്ക ഫലങ്ങളും പറഞ്ഞത് ഈ ഫോട്ടോയൊരു എഐ സൃഷ്‌ടിയാണ് എന്നാണ്.

നിഗമനം
രത്തൻ ടാറ്റ, ധിരുഭായ് അംബാനി, നാരായണ മൂർത്തി, ഗൗതം അദാനി തുടങ്ങി രാജ്യത്തെ ബിസിനസ്സ് പ്രമുഖര്‍ ഒരുമിച്ചിരിക്കുന്ന ചിത്രം യഥാര്‍ഥമല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകളുടെ സഹായത്തോടെ തയ്യാറാക്കിയ ചിത്രമാണ് യഥാര്‍ഥമെന്ന വ്യാജേന സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ ഷെയര്‍ ചെയ്യുന്നത്.



