അരി കവരുന്നത് പതിവായതിനാലാണ് കാട്ടാനയ്ക്ക് 'അരിക്കൊമ്പന്‍' എന്ന പേര് വീണത്

ചിന്നക്കനാലില്‍ പതിവായി റേഷന്‍ കട ആക്രമിച്ചിരുന്ന 'അരിക്കൊമ്പന്‍' എന്ന കാട്ടാനയെ നമുക്ക് ഓർമ്മ കാണും. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന അരിക്കൊമ്പൻ വീടുകളും റേഷന്‍ കടകളും ആക്രമിച്ച് അരി കവരുന്നത് പതിവായിരുന്നു. ആക്രമണം സഹിക്കവയ്യാതെ ഒടുവില്‍ നാടുകടത്തേണ്ടിവന്ന അരിക്കൊമ്പനെ കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചാരണം വീഡിയോ സഹിതം ശക്തമാണ്. ഇതിന്‍റെ വസ്തുത എന്താണ് എന്ന് നോക്കാം. 

പ്രചാരണം 

അരിക്കൊമ്പന്‍ ഫുഡ് കോർപ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്‍സിഐ) ഗോഡൗണ്‍ ആക്രമിച്ച് അരി കവരുന്നതായി ഒരു വീഡിയോ സാമൂഹ്യമാധ്യമമായ ഫേസ്ബുക്കില്‍ വൈറലാണ്. 'അരിക്കൊമ്പന്‍ FCI ​ഗോഡൗണില്‍' എന്ന തലക്കെട്ടില്‍ വീഡിയോ ഫേസ്ബുക്കില്‍ നിരവധിയാളുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതായി കാണാം. ലിങ്ക് 1, 2, 3, 4. അരിക്കൊമ്പന്‍ എന്ന് പലരും ആരോപിക്കുന്ന ആന ​ഗോഡൗണിന്‍റെ ഷട്ടർ തുമ്പിക്കൈ കൊണ്ട് ഇടിച്ച് പൊളിക്കുന്നതും ഒരു ചാക്ക് വലിച്ചെടുക്കുന്നതും കുറച്ചുപേർ ഇതുകണ്ട് നില്‍ക്കുന്നതും വൈറല്‍ വീഡിയോയിലുണ്ട്. ഇതേ വീഡിയോ സമാന അവകാശവാദത്തോടെ യൂട്യൂബിലും കാണാം. 

എഫ്ബി പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍

വസ്തുതാ പരിശോധന

രണ്ട് സംശയങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വീഡിയോയുടെ വസ്തുത പരിശോധിക്കുന്നതിന് കാരണമായത്. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് അരിക്കൊമ്പന്‍ എങ്കില്‍ വൈറല്‍ വീഡിയോയിലുള്ള ആനയ്ക്ക് റേഡിയോ കോളർ ഇല്ല എന്നതായിരുന്നു ആദ്യ കാരണം. നിലവില്‍ തമിഴ്നാട് വനമേഖലയിലുള്ള അരിക്കൊമ്പന്‍ ഏതെങ്കിലും എഫ്‍സിഐ ​ഗോഡൗണ്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടോ എന്നതായിരുന്നു രണ്ടാമത്തെ സംശയം. 

ഇതോടെ വിശദ പരിശോധനയ്ക്കായി വീഡിയോയുടെ കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെർച്ചിന് വിധേയമാക്കി. എന്നാല്‍ ഇതില്‍ മതിയായ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടർന്ന് കീവേഡ് സെർച്ച് നടത്തി. ഈ പരിശോധനയില്‍ പ്രമുഖ ബംഗാളി മാധ്യമമായ ആനന്ദബസാർപത്രിക 2024 മാർച്ച് 29ന് പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ വാർത്ത ലഭിച്ചു. 'രാംലാലിന് വിശന്നു, മേദിനിപൂരിലെ എഫ്‌സിഐ ഗോഡൗണിൻ്റെ ഷട്ടർ തകർത്ത് അരി കഴിച്ചു' എന്ന തലക്കെട്ടിലാണ് വാർത്ത നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് 'രാംലാൽ' ഭക്ഷണം തേടി മേദിനിപൂർ സദർ ബ്ലോക്കിലെ ഫുഡ് കോർപ്പറേഷൻ ഗോഡൗണിൽ എത്തിയതെന്നും തുമ്പിക്കൈ കൊണ്ട് ഷട്ടർ തകർത്ത് അനായാസം അരി കവർന്നു എന്നും വാർത്തയില്‍ പറയുന്നു. 

ആനന്ദബസാർപത്രിക വാർത്തയുടെ സ്ക്രീന്‍ഷോട്ട്

വൈറല്‍ വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ടാണ് വാർത്തയുടെ മുഖചിത്രമായി ആനന്ദബസാർ പത്രിക നല്‍കിയിരിക്കുന്നത് എന്ന് മനസിലാക്കാം. കാലിച്ചാക്ക് ഒരാള്‍ ആനയുടെ ശരീരത്തിലേക്ക് വലിച്ചെറിയുന്നതും അത് ആനയുടെ മുതുക് ഭാഗത്ത് പതിക്കുന്നതും വൈറല്‍ വീഡിയോയില്‍ കാണാം. ആനയുടെ മുതുകില്‍ കാലിച്ചാക്കിരിക്കുന്ന ഇതേ ദൃശ്യത്തിന്‍റെ സ്ക്രീന്‍ഷോട്ട് ആനന്ദബസാർപത്രികയിലെ വാർത്തയുടെ ചിത്രത്തിലുമുണ്ട്. ഇതിനൊപ്പം ഗോഡൗണിന്‍റെ ഷട്ടറും ഇരുവശത്തുമുള്ള നീല നിറത്തിലുള്ള തൂണുകളും ഒരേ സംഭവത്തിന്‍റേതാണ് വീഡിയോയും വാർത്തയിലെ ചിത്രവും എന്നും സാക്ഷ്യപ്പെടുത്തുന്നു. 

സ്ക്രീന്‍ഷോട്ട് ചുവടെ

നിഗമനം

എഫ്‍സിഐ ഗോഡൗണിന്‍റെ ഷട്ടർ തകർത്ത് അരിച്ചാക്ക് കടത്തുന്ന വീഡിയോയിലുള്ളത് അരിക്കൊമ്പന്‍ എന്ന കാട്ടാനയല്ല, ബംഗാളിലെ ആനയുടെ വീഡിയോയാണിത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്തുതാ പരിശോധനയില്‍ തെളിഞ്ഞു. 

Read more: ​ഇന്ത്യാ മുന്നണിയുടെ ദില്ലിയിലെ മഹാറാലിക്കെത്തിയ ജനക്കൂട്ടമോ ഇത്? Fact Check