ബിജെപിക്കായി ഗാന്ധിനഗർ സീറ്റില്‍ മത്സരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്

കോണ്‍ഗ്രസിന്‍റെ തലമുതിർന്ന നേതാവും കേരള മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്‍റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നത് വലിയ വാർത്തയായിരുന്നു. ഇതിന്‍മേലുള്ള ചർച്ചകള്‍ തുടരവെ മുതിർന്ന ബിജെപി നേതാവായ എല്‍ കെ അദ്വാനിയുടെ മകളെ കുറിച്ച് ഒരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. ഇതിന്‍റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

'അദ്വാനിക്ക് ഒപ്പമുള്ള ഫോട്ടോയിൽ അദ്വാനിയുടെ മകൾ പ്രതിഭ ആണ്. ഇവർ അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗറിൽ നിന്ന്‌ കോൺഗ്രസ് ടിക്കറ്റിൽ അമിത് ഷായ്ക്കെതിരെ മത്സരിക്കുകയാണ്.. ഇതിലും വലുതാണോ പദ്മജ. ??😛'- എന്നുമാണ് ഫേസ്ബുക്കില്‍ വി ഡി ജയിംസ് എന്നയാളുടെ പോസ്റ്റ്. സമാന പോസ്റ്റുകള്‍ മറ്റ് പലരും ചെയ്തിട്ടുണ്ട് എന്നും കാണാം. തെളിവായി സ്ക്രീന്‍ഷോട്ട് ചുവടെ ചേർക്കുന്നു. 

വസ്തുതാ പരിശോധന

ചിത്രത്തില്‍ എല്‍ കെ അദ്വാനിക്കൊപ്പമുള്ളത് മകള്‍ പ്രതിഭ അദ്വാനി തന്നെയാണ് എന്നത് വസ്തുതയാണ്. ഈ ചിത്രം ഗെറ്റി ഇമേജസ് 2019 നവംബർ എട്ടിന് പ്രസിദ്ധീകരിച്ചതാണെന്ന് കാണാം.

ബിജെപിക്കായി ഗാന്ധിനഗർ സീറ്റില്‍ മത്സരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എന്നതും യാഥാർഥ്യമാണ്. പ്രതിഭ അദ്വാനി കോണ്‍ഗ്രസില്‍ ചേർന്നോ, ഗുജറാത്തിലെ ഗാന്ധിനഗറില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി അവർ മത്സരിക്കുകയാണോ എന്ന് പരിശോധിക്കുകയാണ് അടുത്തതായി ചെയ്തത്. കോണ്‍ഗ്രസിന്‍റെ ഗാന്ധിനഗർ സ്ഥാനാർഥി ആരാണ് എന്ന് കീവേഡ് സെർച്ച് വഴി പരിശോധിച്ചപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ 2024 മാർച്ച് 22ന് പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. ഗുജറാത്ത് മഹിളാ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് സൊനാല്‍ പട്ടേലാണ് ഗാന്ധിനഗറിലെ കോണ്‍ഗ്രസ് സ്ഥാനാർഥി എന്നാണ് വാർത്തയില്‍ പറയുന്നത്. അദ്വാനിയുടെ മകളെ കുറിച്ച് പ്രചരിക്കുന്ന വാർത്ത വ്യാജമാണ് എന്ന് ഇതിലൂടെ വ്യക്തമായി. 

നിഗമനം

ഗുജറാത്തിലെ ഗാന്ധിനഗർ സീറ്റില്‍ എല്‍കെ അദ്വാനിയുടെ മകള്‍ പ്രതിഭ അദ്വാനി കോണ്‍ഗ്രസ് ടിക്കറ്റില്‍ അമിത് ഷായ്ക്കെതിരെ മത്സരിക്കുന്നു എന്ന പ്രചാരണം വ്യാജമാണ്. സൊനാല്‍ പട്ടേലാണ് ഇവിടെ കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥി. 

Read more: ഇന്ത്യാ മുന്നണിയുടെ ദില്ലിയിലെ മഹാറാലിക്കെത്തിയ ജനക്കൂട്ടമോ ഇത്? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം