കര്‍ണാടകയിലല്ല, ബംഗ്ലാദേശില്‍ നടന്ന ഒരു സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്
കര്‍ണാടകയില്‍ ഭാര്യയെ വൃദ്ധന്‍ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചതായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. എന്നാല്‍ ഈ വീഡിയോയുടെ യാഥാര്‍ഥ്യം മറ്റൊന്നാണ്. സോഷ്യല്‍ മീഡിയയിലെ പ്രചാരണം വിശദമായി ഫാക്‌ട് ചെക്ക് ചെയ്യാം.
പ്രചാരണം
‘കര്‍ണാടകയില്‍ നടന്ന സംഭവമാണിത്. 62 വയസുകാരനായ ഒരാള്‍ തന്‍റെ ആദ്യ ഭാര്യയെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നു’- എന്നുപറഞ്ഞാണ് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഒരാള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

വസ്‌തുതാ പരിശോധന
ഈ വീഡിയോ കര്‍ണാടകയില്‍ നിന്നുള്ളത് തന്നെയോ എന്ന് വിവിധ ഫാക്‌ട് ചെക്ക് വെബ്‌സൈറ്റുകള്‍ ഇതിനകം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന വാദം തെറ്റാണെന്ന് ന്യൂസ്‌മീറ്ററിന്‍റെ വസ്‌തുതാ പരിശോധനയില്‍ പറയുന്നു. കര്‍ണാടകയില്‍ അല്ല, ബംഗ്ലാദേശിലെ ഷേര്‍പൂര്‍ ജില്ലയിലാണ് ഈ സംഭവം യഥാര്‍ഥത്തില്‍ നടന്നത്.
ഓഗസ്റ്റ് 8-നാണ് കേസിനാസ്‌പദമായ സംഭവം നടന്നത് എന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ശരീരം തളര്‍ന്ന തന്‍റെ ഭാര്യയെ 80കാരന്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചതായി വാര്‍ത്തകളില്‍ പറയുന്നു. വീട്ടിനുള്ളില്‍ നിന്ന് വലിച്ചിറക്കി മുറ്റത്ത് കുഴിച്ചിടാനായിരുന്നു ശ്രമം. അടുത്ത ബന്ധു തന്നെ പകര്‍ത്തിയ ദൃശ്യമാണിതെന്നും വീഡിയോ പ്രചരിച്ചതോടെ പൊലീസ് സംഭവസ്ഥലത്തെത്തിയെന്നും ബംഗ്ലാ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ കാണാം.
വസ്‌തുത
കര്‍ണാടകയില്‍ വൃദ്ധനായ ഒരാള്‍ ഭാര്യയെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചതായുള്ള വീഡിയോ പ്രചാരണം വ്യാജമാണ്. കര്‍ണാടകയിലല്ല, ബംഗ്ലാദേശില്‍ നടന്ന ഒരു സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്നത്.


