പ്രധാനമന്ത്രി യോജന എന്ന പദ്ധതിയിലൂടെ ആധാർ കാർഡിലൂടെ കേന്ദ്ര സർക്കാർ വായ്പ ലഭിക്കുമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിച്ചത്

ദില്ലി: പല തരത്തിലുള്ള വ്യാജ വാർത്തകളാണ് ദിവസവും പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ചിലർ ഇത്തരത്തിൽ പല വ്യാജ സന്ദേശങ്ങളും അയക്കാറുണ്ട്. കയ്യിൽ കിട്ടുന്ന സന്ദേശങ്ങളുടെ വിശ്വാസ്യത പരിശോധിക്കാതെ മറ്റുള്ളവ‍ർക്ക് അയക്കുന്ന ശീലവും പലർക്കുമുണ്ട്. എന്നാൽ അത്തരത്തിൽ സന്ദേശങ്ങൾ കൈമാറും മുന്നേ വിശ്വാസ്യത പരിശോധിക്കേണ്ടതിന്‍റെ ആവശ്യകത കൂടിവരികയാണ്. പ്രധാനമന്ത്രിയുടെ പദ്ധതി എന്ന നിലയിൽ ആധാർ കാർഡിലൂടെ സർക്കാർ വായ്പ നൽകുന്നുവെന്ന നിലയിൽ പോലും വ്യാജപ്രചരണം സജീവമായെന്നതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്.

പ്രധാനമന്ത്രി യോജന എന്ന പദ്ധതിയിലൂടെ ആധാർ കാർഡിലൂടെ കേന്ദ്ര സർക്കാർ വായ്പ ലഭിക്കുമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പലരും അത് ഫോ‍ർവേഡ് ചെയ്യുകയും ചെയ്തുകാണും. എന്നാൽ ഇത് വ്യാജ പ്രചരണമാണെന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡയയിലൂടെയാണ് ഇത്തരം വ്യാജ സന്ദേശം പ്രചരിച്ചത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വിറ്റർ ഹാൻഡിലാണ് ഈ വ്യാജ വാർത്തകൾ പൊളിച്ചടുക്കിയത്. ആധാർ വഴി വായ്പ ലഭിക്കുമെന്നത് കള്ളപ്രചരണമാണെന്നും ഇത്തരം അവകാശവാദങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും പിഐബി ട്വിറ്ററിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Scroll to load tweet…