ചൈനയുടെ സിസിപി സു-35 യുദ്ധവിമാനം തായ്‌വാന്‍റെ വ്യോമാതിര്‍ത്തി ലംഘിച്ചതിന് വെടിവച്ചിട്ടു എന്ന പ്രചരണം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഒരു വിമാനം തകര്‍ന്ന് വീണതടക്കമുള്ള വീഡിയോകള്‍ വച്ചാണ് ഇത്തരം ഒരു പ്രചരണം നടക്കുന്നത്. ഇതിന്‍റെ വസ്തുത പരിശോധിക്കാം.

പ്രചരണം

ചൈനയുടെ സിസിപി സു-35 യുദ്ധവിമാനം അയല്‍ രാജ്യമായ തായ്വാന്‍റെ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടുവെന്ന് അവകാശപ്പെടുന്നതാണ് പ്രചരണം. നിരവധി പേർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തായ്വാന്‍ ട്വിറ്റര്‍ ഹാന്‍റിലുകളില്‍ നിന്നും വന്ന വീഡിയോകള്‍ പിന്നീട് ഇന്ത്യയിലെ ചില ട്വിറ്റര്‍ അക്കൌണ്ടുകളില്‍ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

തായ്‌വാൻ കടലിടുക്കിലേക്കും ദക്ഷിണ ചൈനാ കടലിലേക്കും നുഴഞ്ഞുകയറിയ ശേഷം ചൈനീസ് യുദ്ധവിമാനം ഗ്വാങ്‌സിയിൽ വച്ച് തായ്വാന്‍ മിസൈലുകള്‍ തകര്‍ത്തു എന്നതാണ് വീഡിയോകള്‍ക്ക് നല്‍യിരിക്കുന്ന ക്യാപ്ഷന്‍. 

വസ്തുത ഇങ്ങനെ

എന്നാല്‍ വിവിധ ട്വിറ്റര്‍ അക്കൌണ്ടുകള്‍ വഴി യഥാര്‍ത്ഥ സംഭവം എന്ന നിലയില്‍ പ്രചരിക്കുന്ന സംഭവം തായ്വാന്‍ സൈന്യം തന്നെ നിഷേധിച്ചിട്ടുണ്ട്. തായ്വാന്‍ മിലിറ്ററി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം 'ചൈനയുടെ സിസിപി സു-35 യുദ്ധവിമാനം തായ്‌വാന്‍റെ വ്യോമാതിര്‍ത്തി ലംഘിച്ചതിന് വെടിവച്ചിട്ടു' എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളും വീഡിയോകളും തീര്‍ത്തും വസ്തുത വിരുദ്ധവും അസത്യവുമാണെന്ന് തായ്വാന്‍ എയര്‍ കമാന്‍റന്‍റ് അറിയിക്കുന്നു എന്നാണ് പറയുന്നത്.

ഇത്തരം വസ്തുത വിരുദ്ധ കാര്യങ്ങളും, അസത്യങ്ങളും ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നത്  ചിലരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്ന കാര്യം ആശങ്കജനകമാണെന്നും തായ്വാന്‍ വ്യോമസേന ഔദ്യോഗികമായി പറയുന്നു. ഒദ്യോഗിക സൈറ്റില്‍ ഇത് സംബന്ധിച്ച വാര്‍ത്ത കുറിപ്പ് നല്‍കിയിട്ടുണ്ട്. 

ഒപ്പം ഇപ്പോള്‍ വൈറലാകുന്ന വീഡിയോയുടെ ആധികാരികത സംബന്ധിച്ച് ഒരു വിവരവും ഇല്ലെന്നാണ് തായ്വാനിലെ വിവിധ സൈറ്റുകള്‍ നല്‍കുന്ന വിവരം. ഒന്നില്‍ ഒരു കെട്ടിടത്തിന് അടുത്ത് തീകത്തുന്നതും, ഒരു വീഡിയോയില്‍ പുക ഉയരുന്നതും, മറ്റൊരു വീഡിയോയില്‍ ഒരു മനുഷ്യന്‍ കിടക്കുന്നതുമാണ് കാണിക്കുന്നത്. ഇവയ്ക്ക് തുടര്‍ച്ചയില്ലെന്നും. ഇവ ഒരേ സംഭവത്തിന്‍റെ വീഡിയോ ആണ് എന്നതില്‍ സംശയം ഉണ്ടെന്നുമാണ് ആപ്പിള്‍ ഡെയ്ലി തായ്വാന്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയില്‍ പറയുന്നത്. ഇവരുടെ വ്യോമസേനയുടെ വാക്കുകള്‍ ഉദ്ധരിക്കുന്നു.

നിഗമനം

ചൈനയുടെ സിസിപി സു-35 യുദ്ധവിമാനം തായ്‌വാന്‍റെ വ്യോമാതിര്‍ത്തി ലംഘിച്ചതിന് വെടിവച്ചിട്ടു എന്ന പ്രചരണം തായ്വാന്‍ വ്യോമ സേന തന്നെ നിഷേധിച്ചിട്ടുണ്ട്. ഇതിന്‍റെ പേരില്‍ പ്രചരിക്കുന്ന വീഡിയോകളുടെ ആധികാരികത ഇതുവരെ വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലയെന്നാണ് തായ്വാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനാല്‍ തന്നെ ഈ പ്രചരണം അസത്യമാണ്.