കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍ സൈനികരെ സന്ദര്‍ശിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്‍റെ രാജ്യത്തെ ഔദ്യോഗിക അക്കൌണ്ടില്‍ അടക്കം ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം പ്രചരിച്ചു. ഇത് പ്രകാരം ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സൈനികരെ മുന്‍പ് ഗാല്‍വന്‍ താഴ്വരയില്‍ സന്ദര്‍‍ശിച്ചിട്ടുണ്ട് എന്നാണ് അവകാശപ്പെടുന്നത്. പ്രധാനമന്ത്രി ഗാല്‍വന്‍ താഴ്വരയില്‍ അല്ല പോയത് എന്ന് സൂചിപ്പിക്കാനായിരുന്നു ട്വീറ്റ്. ഈ ചിത്രത്തിന്‍റെ വസ്തുത എന്താണ്.

പ്രചാരണം

ജൂണ്‍ 22 രാവിലെ 11.09ന് യൂത്ത് കോണ്‍ഗ്രസ് (@IYC) എന്ന വെരിഫൈഡ് അക്കൌണ്ടിലാണ് ചിത്രം പ്രത്യേക്ഷപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആര്‍മി ജവാന്മാരെ ഗാല്‍വന്‍ താഴ്വരയില്‍ അഭിസംബോധന ചെയ്യുന്നു. ഒരാള്‍ ഗര്‍ജ്ജിക്കുമ്പോള്‍, ഒരാള്‍ ഒളിച്ചോടുന്നു - എന്ന ക്യാപ്ഷനോടെയാണ് ട്വീറ്റ്. 

 

ഇത് പിന്നീട് വിവിധ കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിച്ചു. കോണ്‍ഗ്രസ് ജനപ്രതിനിധികളും ഈ ചിത്രം ഉപയോഗിച്ചതായി കാണുന്നുണ്ട്. 

വസ്തുത അന്വേഷണ രീതി

ടൈംസ് ഫാക്ട് ചെക്ക്, ഇതുമായി ബന്ധപ്പെട്ട് നടത്തിയ വസ്തുത പരിശോധനയില്‍ തെളിഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്. ഈ ചിത്രത്തിന്‍റെ റിവേഴ്സ് സെര്‍ച്ച് നടത്തിയപ്പോള്‍ ആര്‍ട്ട് ഷീപ്പ് എന്ന വെബ് സൈറ്റില്‍ നിന്നും ഈ ചിത്രത്തിന്‍റെ മുഴുവനായുള്ള ചിത്രം ലഭിച്ചു.

ഇതിലെ ക്യാപ്ഷന്‍ പ്രകാരം: 19 ജനുവരി 1966 ല്‍ ഇന്ദിരഗാന്ധി ഗാന്ധി ഇന്ത്യയില്‍ ചാര്‍ജ് എടുത്തു എന്നും, ചിത്രത്തിന്‍റെ ക്യാപ്ഷനായി മുന്‍പ്രധാനമന്ത്രി ഇന്ദിരഗാന്ധി 1971 ല്‍ ലേയിലെ ജവന്മാരെ അഭിസംബോധന ചെയ്യുന്ന അപൂര്‍വ്വ ചിത്രം എന്നും നല്‍കിയിരിക്കുന്നു.

ഈ ഫോട്ടോ കൃത്യമായി നിരീക്ഷിച്ചാല്‍ അതില്‍ എപി/ഫോട്ടോസ് എന്ന് കാണാം. ഇത് വച്ച് ടൈംസ് ഫാക്ട് ചെക്ക് എപി, പിടിഐ ഫോട്ടോ ആര്‍ക്കേവ്സീല്‍ ഇത് സംബന്ധിച്ച് സെര്‍ച്ച് ചെയ്തു. ഒടുവില്‍ ഫോട്ടോ പിടിഐ ആര്‍ക്കേവ്സീല്‍ കണ്ടെത്തി. ഇതില്‍ ഫോട്ടോയുടെ ക്രഡിറ്റ് ഡിപിആര്‍ ഡിഫന്‍സിനാണ് നല്‍കിയിരിക്കുന്നത്.

ഇതിലെ ക്യാപ്ഷന്‍ പ്രകാരം- 1971 ല്‍ ലേയിലെ ജവന്മാരെ അഭിസംബോധന ചെയ്യുന്ന ഇന്ദിര ഗാന്ധി എന്നാണ് നല്‍കിയിരിക്കുന്നത്.

നിഗമനം

യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗി ട്വിറ്റര്‍ പേജില്‍ ഇന്ദിര ഗാന്ധിയുടെ ഒരു ചിത്രത്തിന് മുകളില്‍ അത് ഗാല്‍വന്‍ താഴ്വരയില്‍ സൈനികരെ അഭിസംബോധന ചെയ്യുന്നതാണെന്ന് അവകാശപ്പെട്ടത് വസ്തുതപരമായി തെറ്റാണ്.