വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് മാസങ്ങളായി വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്ന വ്യാജസന്ദേശത്തിന് മറുപടി നൽകി കെഎസ്ഇബി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ഇബിയുടെ വിശദീകരണം. 

പ്രചാരണം ഇങ്ങനെ

"മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്...
ക്രിസ്ത്യൻ പള്ളി - 2.85/-, മസ്ജിദ്- 2.85/-,
ക്ഷേത്രത്തിനു യൂണിറ്റ് - 8 രൂപ..."

വസ്തുത

വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ എന്ന Quasi Judicial Body അംഗീകരിച്ചു നൽകിയിരിക്കുന്ന താരിഫ് പ്രകാരം ക്ഷേത്രത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെ എസ് ഇ ബി വൈദ്യുതി ബിൽ തയ്യാറാക്കുന്നത്.

500 യൂണിറ്റിന് താഴെ ഉപയോഗിച്ചാൽ, ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 5.70 രൂപയും, 500 യൂണിറ്റിനു മുകളിൽ ഉപയോഗിച്ചാൽ ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 6.50 രൂപയുമാണ് ഈ താരിഫിലെ നിരക്ക്. ഇതിനു പുറമേ, ഫിക്സഡ് ചാർജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുന്നതാണ്. ഇതാണ് വാസ്തവം.

നി​ഗമനം

മാസങ്ങളായി വാട്സ്ആപ്പിലൂടെ മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ് എന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം വസ്തുതാ വിരുദ്ധമാണ്. വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ എന്ന Quasi Judicial Body അംഗീകരിച്ചു നൽകിയിരിക്കുന്ന താരിഫ് പ്രകാരം ക്ഷേത്രത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ്.