തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പുകയുന്നതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാജ പ്രചാരണം. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പനുമായുള്ള ടെലിഫോണ്‍ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസ് മുക്കിയെന്നാണ് Fifth Estate Kerala എന്ന ഫേസ്‌ബുക്ക് പേജിലൂടെയുള്ള പ്രചാരണം. 

പ്രചാരണം ഇങ്ങനെ

യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറും തമ്മിലുള്ള ഇന്‍റര്‍വ്യൂ ഇന്ത്യന്‍ സമയം വൈകിട്ട് Fifth Estate Kerala എന്ന ഫേസ്‌ബുക്ക് പേജില്‍ മുഴുവനായി വരുന്നതാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. 

 

വസ്‌തുത

ഫിഫ്‌ത്ത് എസ്റ്റേറ്റ് കേരളയുടെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍. യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമായുള്ള ഫോണ്‍ സംഭാഷണം ന്യൂസ് ഓഗസ്റ്റ് 12-ാം തീയതി ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുമായി സന്തോഷ് ഈപ്പന്‍ ദീര്‍ഘനേരം സംസാരിച്ചതിന്‍റെ പ്രസക്തഭാഗങ്ങള്‍ എല്ലാം വാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ആര്‍ക്കൈവുകള്‍ ഇപ്പോഴും www.asianetnews.comലും വിവിധ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും ലഭ്യമാണ്. തെളിവായി ലിങ്കുകള്‍ ചുവടെ. 

വാര്‍ത്ത വിശദമായി വായിക്കാം

 

വീഡിയോ കാണാം

 

ഓഗസ്റ്റ് 12-ാം തീയതി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ന്യൂസ് അവറിലും യൂണിടാക് ഉടമയുമായുള്ള ഫോണ്‍ സംപ്രേഷണം പ്രസിദ്ധീകരിച്ചിരുന്നു. ലൈഫ് പദ്ധതി കമ്മീഷന് മറയോ ? എന്ന ചോദ്യത്തോടെ ചര്‍ച്ച ചെയ്‌ത ന്യൂസ് അവറിലെ 43-ാം മിനുറ്റ് മുതല്‍ ഈ ഭാഗം കാണാം. 

 

ഫോണ്‍ സംഭാഷണത്തില്‍ സന്തോഷ് ഈപ്പന്‍ പറഞ്ഞതെന്ത്?

അറബിയോട് സംസാരിച്ച് കരാര്‍ ഉറപ്പിക്കാന്‍ സ്വപ്‌നയും സന്ദീപും ഇടനിലക്കാരായി നിന്നുവെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പകരമായി സ്വപ്‌ന കമ്മീഷന്‍ ആവശ്യപ്പെട്ടു. പതിനെട്ടര കോടിയുടെ ലൈഫ് മിഷന്‍ കരാറായിരുന്നുവെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാരുമായോ ഉദ്യോഗസ്ഥരുമായോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം അന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിശദമായി വായിക്കാം: ഇടനിലക്കാരി സ്വപ്ന തന്നെ; ലൈഫ് മിഷൻ കരാറിൽ സ്വപ്ന കമ്മീഷൻ ആവശ്യപ്പെട്ടുവെന്ന് യൂണിടാക് ഉടമ

നിഗമനം

യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമായുള്ള ഫോണ്‍ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസ് മുക്കിയെന്ന പ്രചാരണം വ്യാജമാണ്. സന്തോഷ് ഈപ്പനുമായുള്ള സംഭാഷണം ഇപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് ഡോട്‌കോമിലും യൂട്യൂബ്, ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും ലഭ്യമാണ്.