കാണ്‍പൂര്‍: 'മാസ്‌ക് ധരിക്കാത്തതിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആടിനെ അറസ്റ്റ് ചെയ്‌തു'- ഇന്ന് രാവിലെ മുതല്‍ ദേശീയ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടിയ വാര്‍ത്തയാണിത്. വിചിത്ര സംഭവമെന്ന് പറഞ്ഞ് ആളുകള്‍ തലയില്‍ കൈവയ്‌ക്കുമ്പോള്‍ ഈ വാര്‍ത്ത സത്യമാണോ എന്ന ചോദ്യം സ്വാഭാവികം. ഇക്കാര്യത്തില്‍ ഇനി സംശയങ്ങള്‍ വേണ്ടെന്നാണ് യുപി പൊലീസ് പറയുന്നത്. 

പ്രചാരണം ഇങ്ങനെ

മാസ്‌ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്‌തു എന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ്. ഇതിനുപിന്നാലെ ദേശീയ മാധ്യമമായ ന്യൂസ് 18 ഉള്‍പ്പടെയുള്ളവര്‍ ഐഎഎന്‍എസിനെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കി.

'കൊവിഡ് കാലത്ത് നായ്‌ക്കളെ മാസ്‌ക് അണിയിക്കുന്നുണ്ട്. എന്തുകൊണ്ട് ആടിന് മാസ്‌ക്കില്ല' എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചതായും ഐഎഎന്‍എസിന്‍റെ വാര്‍ത്തയിലുണ്ട്. അതേസമയം, ആടുമായി ഒരു മാസ്‌ക് ധരിക്കാത്ത യുവാവിനെ കണ്ടെത്തിയെന്നും പൊലീസിനെ കണ്ടയുടന്‍ അയാള്‍ ഓടിരക്ഷപെട്ടു. ഇതോടെ ആടിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു എന്നുമാണ് അന്‍വര്‍ഗഞ്ച് സിഐ സൈഫുദ്ദീന്‍ ബെഗിന്‍റെ വാക്കുകള്‍ എന്നും വാര്‍ത്തയില്‍ പറയുന്നു. 

വൈറലായി വീഡിയോ

ആടിനെ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതോടെ ആടിനെ അറസ്റ്റ് ചെയ്തതാണ് എന്ന് മിക്കവരും ഉറപ്പിച്ചു

വസ്‌തുത

വായനക്കാരില്‍ അമ്പരപ്പുണ്ടാക്കിയ ആടിന്‍റെ അറസ്റ്റില്‍ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ആടിന്‍റെ അറസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ട്രോളും വിമര്‍ശനവുമായതോടെ കാണ്‍പൂര്‍ പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. 'സ്റ്റേഷനില്‍ എത്തിയ ശേഷം ആടിന്‍റെ ഉടമയെ വിളിച്ചുവരുത്തി. ആടിനെ ഇനി അലഞ്ഞുതിരിയാന്‍ അനുവദിക്കില്ല എന്ന ഉറപ്പില്‍ നിയമപ്രകാരം വിട്ടുനല്‍കി' എന്ന് കാണ്‍പൂര്‍ പൊലീസ് ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായി ട്വീറ്റ് ചെയ്‌തു. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കഥകളെല്ലാം പൊലീസ് നിഷേധിച്ചു. 

 

നിഗമനം

മാസ്‌ക് ധരിക്കാത്തതിന് കാണ്‍പൂരില്‍ ആടിനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയും പ്രചാരണവും പൊലീസ് നിഷേധിച്ചിരിക്കുകയാണ്. അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയ പൊലീസ് ആടിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു എന്നാണ് വിശദീകരണം. അതേസമയം, ട്രോളുകള്‍ കൊണ്ട് നാണംകെട്ട പൊലീസ് അടവുമാറ്റുകയായിരുന്ന എന്ന വിലയിരുത്തലുമുണ്ട്.