തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായതിനാല്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട് പലയിടങ്ങളിലും. പൊതുയിടങ്ങളില്‍ കൊവിഡ് പ്രതിരോധ നടപടി എന്ന നിലയ്‌ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൃശൂര്‍ കുന്നംകുളത്ത് മാക്‌സ് വെക്കാതെ പുറത്തിറങ്ങിയ ആളുകളെ പൊലീസ് അടിച്ചോടിച്ചോ. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇങ്ങനെയൊരു പ്രചാരണത്തിന് കാരണം. 

 

പ്രചാരണം ഇങ്ങനെ

'മാസ്‌ക് വെക്കാതെ തൃശൂര്‍ കുന്നംകുളം ടൗണില്‍ ഇറങ്ങിയ ഭ്രാന്തന്‍മാര്‍ക്ക് കിട്ടിയ സാമ്പില്‍ വെടിക്കെട്ട്' എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 30 സെക്കന്‍റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ആളുകളെ പൊലീസുകാര്‍ ലാത്തിച്ചാര്‍ജ് നടത്തുന്നത് ദൃശ്യത്തില്‍ വ്യക്തം. പൊലീസുകാര്‍ ഉള്‍പ്പടെ വീഡിയോയിലുള്ള പലരും മാസ്‌ക് ധരിച്ചിട്ടുള്ളതിനാല്‍ ഈ ദൃശ്യം കൊവിഡ് കാലത്തെയെന്ന് ഉറപ്പിക്കാം. എന്നാല്‍ ഈ വീഡിയോ ആരാണ് പകര്‍ത്തിയത് എന്ന് വ്യക്തമല്ല. വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യം ചുവടെ. 

"

 

വസ്‌തുത

മാസ്‌ക് വെക്കാത്തവരെ പൊലീസ് തല്ലിച്ചതയ്‌ക്കുന്നതല്ല ദൃശ്യത്തിലുള്ളത് എന്നതാണ് സത്യം. സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെ പൊലീസ് നേരിടുന്നതാണ് ദൃശ്യത്തില്‍. പൊലീസ് വിരട്ടിയോടിക്കുന്നവരില്‍ പലരുടെയും മുഖത്ത് മാസ്‌കും കൈകളില്‍ ഗ്ലൗസുമുണ്ട് എന്നതും വസ്‌തുത വെളിവാക്കുന്നു. നിര്‍ത്തിയിട്ടിരിക്കുന്ന ബസിനോട് ചേര്‍ന്ന് പൊലീസിന്‍റെ മര്‍ദനമേല്‍ക്കുന്നയാള്‍ മാസ്‌ക് ധരിച്ചിട്ടുണ്ട് എന്നും വ്യക്തമാണ്. 

 

നിഗമനം 

മാസ്‌ക് വെക്കാതെ തൃശൂര്‍ കുന്നംകുളം ടൗണില്‍ ഇറങ്ങിയവരെ പൊലീസ് അടിച്ചോടിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്  നടത്തുന്നതിന്‍റെയാണ് ദൃശ്യം എന്ന് വ്യക്തം. രാഷ്ട്രീയ പ്രവര്‍ത്തകരാണ് ദൃശ്യത്തിലുള്ളത് എന്നും കാണാം.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യപകമായി നടത്തിയ പ്രതിഷേധം അക്രമാസക്തമായത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന് പുറമെ യുവമോര്‍ച്ചയും യൂത്ത് ലീഗും വിവിധയിടങ്ങളില്‍ മാര്‍ച്ച് നടത്തിയിരുന്നു. 

 

കുന്നംകുളത്തെ അജ്ഞാത രൂപം; കഥകള്‍ക്കും ട്വിസ്റ്റുകള്‍ക്കും വിലങ്ങിട്ട് പൊലീസ്; അവർ കുടുങ്ങും

മരത്തിലും ടെറസിലും ഓടിക്കയറുന്ന കുന്നംകുളത്തെ അജ്ഞാത രൂപം; സത്യാവസ്ഥയെന്ത്; നാട്ടുകാർ പിടികൂടിയതാരെ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​