വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ ഫൈസറിന്‍റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് മരിച്ചു എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ഇതിന് പിന്നാലെ സംഭവത്തിലെ ദുരൂഹത നീക്കി വസ്‌തുത വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു. 

പ്രചാരണം ഇങ്ങനെ

കൊവിഡ് 19 വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് ടിഫാനി ഡോവര്‍ കുഴഞ്ഞുവീഴുകയും പിന്നാലെ മരണപ്പെടുകയും ചെയ്തു എന്നാണ് ഫേസ്‌ബുക്കിലെ ഒരു പോസ്റ്റില്‍ പറയുന്നത്. ഫൈസര്‍ വാക്‌സിന്‍ എടുത്ത് 15 മിനുറ്റുകള്‍ക്ക് ശേഷമാണ് ടിഫാനി കുഴഞ്ഞുവീണതെന്ന് വീഡിയോ സഹിതമുള്ള പ്രചാരണത്തില്‍ പറയുന്നു. 

 

സമാന അവകാശവാദത്തോടെ നിരവധി പോസ്റ്റുകള്‍ ട്വിറ്ററിലും കാണാം. 

 

വസ്‌തുത

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ടിഫാനിക്ക് തലകറക്കം അനുഭവപ്പെട്ടു എന്നത് വസ്‌തുതയാണ്. എന്നാല്‍ അവര്‍ മരണപ്പെടുകയോ മറ്റെന്തെങ്കിലും ഗുരുതര ആരോഗ്യ പ്രശ്‌നം നേരിടുകയോ ചെയ്തിട്ടില്ല എന്ന് ഇന്ത്യ ടുഡേ ഫാക്‌ട് ചെക്ക് വ്യക്തമാക്കുന്നു. ഇടയ്‌ക്കിടയ്‌ക്ക് തലകറക്കമുണ്ടാകാറുള്ള ആളാണ് ടിഫാനി. ഇക്കാര്യം ടിഫാനി തന്നെ വീഡിയോയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനാലാണ് ടിഫാനിക്ക് ക്ഷീണം അനുഭവപ്പെട്ടത് എന്ന് പറയാന്‍ കഴിയില്ല. 

തലകറക്കമുണ്ടായെങ്കിലും ടിഫാനി അതിവേഗം സാധാരണ നിലയിലേക്ക് എത്തിയതായി അവര്‍ ജോലി ചെയ്യുന്ന ആശുപത്രി അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. 

നിഗമനം

അമേരിക്കയില്‍ കൊവിഡിനുള്ള ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് മരിച്ചു എന്ന പ്രചാരണം വ്യാജമാണ്. വാക്‌സിന്‍ എടുക്കുമ്പോള്‍ നഴ്‌സിന് തലകറക്കമുണ്ടായെങ്കിലും അതിന് വാക്‌സിനുമായി ബന്ധമില്ല. വേദനയുണ്ടാകുമ്പോള്‍ തലകറക്കമുണ്ടാകുന്ന ശാരീരികാവസ്ഥയുള്ള ആളാണ് നഴ്സായ ടിഫാനി ഡോവര്‍.