ദില്ലി: കാര്‍ഷിക നിയമഭേദഗതിക്കെതിരെ ദില്ലി അതിര്‍ത്തിയിലെ കര്‍ഷക സമരം ഓരോ ദിവസവും കരുത്താര്‍ജിക്കുകയാണ്. സമരവേദിയിലേക്ക് കൂടുതല്‍
കര്‍ഷകര്‍ എത്തുന്നതിനിടെ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. കര്‍ഷക പ്രക്ഷോഭത്തിനെത്തിയവരുടെ കൂടാരങ്ങളാണ് ചിത്രത്തില്‍ കാണുന്നത് എന്നാണ് അവകാശവാദം. 

പ്രചാരണം ഇങ്ങനെ

തുറസ്സായസ്ഥലത്തുള്ള നൂറുകണക്കിന് ടെന്‍റുകളുടെ ആകാശചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 'സിംഗു അതിര്‍ത്തിയില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിഷേധം' എന്ന തലക്കെട്ടും ചിത്രത്തിനൊപ്പം കാണാം. 

 

വസ്‌തുത

ദില്ലി അതിര്‍ത്തിയില്‍ നടക്കുന്ന നിലവിലെ കര്‍ഷക പ്രക്ഷോഭത്തിന്‍റെ ചിത്രമല്ല ഇതെന്നതാണ് വസ്‌തുത. ഈ ചിത്രം 2013ല്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേളയുമായി ബന്ധപ്പെട്ടതാണ്. ഒരു ബ്ലോഗില്‍ ഈ ചിത്രം കുംഭമേളയുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിട്ടുള്ളതായി റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്താനായി. സ്റ്റോക് ഫോട്ടോഗ്രഫി ഏജന്‍സിയായ അലാമിയിലും സമാന ചിത്രം കാണാം. 

 

മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ പ്രക്ഷോഭമാണ് ദില്ലിയിലെ കര്‍ഷക സമരം എന്ന് പറയാനും കഴിയില്ല. ഔദ്യോഗിക കണക്കുകളോടെ റിപ്പോര്‍ട്ടുകളോ സാമൂഹ്യമാധ്യമങ്ങളിലെ അവകാശവാദത്തെ സാധൂകരിക്കുന്നില്ല. 

നിഗമനം

നൂറുകണക്കിന് ടെന്‍റുകളുടെ ആകാശചിത്രം ദില്ലി അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭത്തിന്‍റേത് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും അവയ്‌ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്നറിയുക. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​