ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ രോഹിത് ശര്‍മ്മ അയോധ്യ സന്ദര്‍ശിച്ചു എന്ന തരത്തിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

അയോധ്യ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മത്തില്‍ പങ്കെടുത്തിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനൊപ്പമുള്ളതിനാലാണ് രോഹിത് പ്രാണ പ്രതിഷ്ഠയ്ക്ക് എത്താതിരുന്നത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് ദിവസങ്ങള്‍ മാത്രം ശേഷം രോഹിത് ശര്‍മ്മ അയോധ്യ സന്ദര്‍ശിച്ചോ? ഹിറ്റ്മാന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഹിത് അയോധ്യ രാമക്ഷേത്രത്തില്‍ സന്ദര്‍ശനം എന്ന തരത്തില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ രോഹിത് ശര്‍മ്മ അയോധ്യ സന്ദര്‍ശിച്ചു എന്ന തരത്തിലാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്നത്. കുറച്ച് പേര്‍ക്കൊപ്പം രോഹിത്തും കുടുംബവും നടന്നുവരുന്നതിന്‍റെ വീഡിയോയാണിത്. 

View post on Instagram

വസ്തുത

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കുടുംബവും അയോധ്യ രാമക്ഷേത്രം അടുത്തിടെ സന്ദര്‍ശിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ രോഹിത്തും ഭാര്യയും മകളും 2023 ഓഗസ്റ്റില്‍ സന്ദര്‍ശനം നടത്തിയതിന്‍റെ വീഡിയോയാണ് അയോധ്യയിലേത് എന്ന പേരില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇപ്പോള്‍ അയോധ്യയിലേത് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 2023ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുന്നോടിയായിരുന്നു രോഹിത്തിന്‍റെ തിരുപ്പതി സന്ദര്‍ശനം എന്നാണ് റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ ലഭിച്ച വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി അയോധ്യ രാമക്ഷേത്രം സന്ദര്‍ശിച്ചു എന്ന തരത്തിലും അടുത്തിടെ വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു. കോലിയും അയോധ്യയില്‍ എത്തിയിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനിടെയാണ് കോലി അയോധ്യയിലെത്തിയതായി പ്രചാരണമുണ്ടായത്. 

Read more: നൃത്തം ചെയ്യുന്നത് ജില്ലാ കളക്‌ടറോ? വൈറല്‍ വീഡിയോയുടെ യാഥാര്‍ഥ്യം പുറത്ത്