Asianet News MalayalamAsianet News Malayalam

പിആർഡിയുടെ ഫാക്ട് ചെക്കിനൊരു ചെക്ക്; വാർത്തയെ വ്യാജ വാർത്തയാക്കി ചിത്രീകരിച്ചത് വലിയ വിവാദം

സർക്കാരിനെതിരായതടക്കമുള്ള വാർത്തകൾ പരിശോധിച്ച് വസ്തുതാ വിരുദ്ധമായവ കണ്ടെത്താനും, വ്യാജ വിവരങ്ങളുടെയും വാർത്തകളുടെയും സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം തടയാനുമാണ് സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പിൽ വസ്തുതാ പരിശോധന സംഘത്തെ നിയോഗിച്ചത്. 

PRD fact check fails to do correct fact check treat news as fake news
Author
Thiruvananthapuram, First Published Aug 19, 2020, 8:56 AM IST

തിരുവനന്തപുരം: വസ്തുതാപരിശോധനയില്‍ പിഴച്ച് പിആർഡിയുടെ വസ്തുതാ പരിശോധനാ വിഭാഗം. സർക്കാർ പ്രസിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോർന്നെന്ന വാർത്ത വ്യാജമെന്നു ഔദ്യോഗിക പേജിലൂടെ പ്രചാരണം നടത്തിയാണ് പബ്ലിക് റിലേഷൻസ് വകുപ്പ് പുലിവാല് പിടിച്ചത്. രഹസ്യ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അച്ചടി വകുപ്പ് ഡയറക്ടാരുടെ പരാതിയിൽ കേസെടുത്തതോടെയാണ് വാർത്ത വ്യാജമാണെന്ന അറിയിപ്പ് പിൻവലിച്ചത്. വാർത്തകളുടെ വസ്തുതാ പരിശോധനയ്ക്കായി സർക്കാർ പ്രത്യേകം നിയോഗിച്ച വിഭാഗത്തിന്റെ ഔദ്യോഗിക പേജിൽ നിന്നാണ് വിശദീകരണം പോലുമില്ലാതെ പോസ്റ്റ് അപ്രത്യക്ഷമായത്.

സർക്കാരിനെതിരായതടക്കമുള്ള വാർത്തകൾ പരിശോധിച്ച് വസ്തുതാ വിരുദ്ധമായവ കണ്ടെത്താനും, വ്യാജ വിവരങ്ങളുടെയും വാർത്തകളുടെയും സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം തടയാനുമാണ് സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പിൽ വസ്തുതാ പരിശോധന സംഘത്തെ നിയോഗിച്ചത്. വ്യാജവാര്‍ത്തകള്‍ക്കെതിരെയും വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങള്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനായി ഫേസ്ബുക്കിൽ പ്രത്യേകം പേജും ഉണ്ടാക്കി. ഈ പേജിലൂടെയയാണ് സർക്കാർ പ്രസിൽ നിന്ന് പിഎസ്.സിയുടെ ഒഎംആർ ഉത്തരക്കടലാസ് സംബന്ധിച്ച രഹസ്യ വിവരങ്ങൾ ചോർന്നെന്ന വാർത്തക്കെതിരെ പ്രചാരണമുണ്ടായത്. വാർത്ത വ്യാജമാണെന്നായിരുന്നു ഔദ്യോഗിക പേജിലെ അറിയിപ്പ്. 

അച്ചടിവകുപ്പ് ഡയറക്ടറുടെ വിശദീകരണം സഹിതമുള്ള പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തു. എന്നാൽ തൊട്ടു പിന്നാലെ രഹസ്യ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അച്ചടിവകുപ്പ് ഡയറക്ടർ കന്റോൺമെന്റ് പൊലീസിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. ഷൊ‌ർണൂർ ഗവൺമെന്‍റ് പ്രസ്സിലെ ജീവനക്കാരനായ വിഎൽ സജിക്കെതിരെയായിരുന്നു കേസ്. ബൈന്‍ഡന്‍ ജോലി ചെയ്യുന്ന ഇയാളെ നേരത്തെ ജോലിയിൽ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു.

പ്രസ്സിലെ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക ലാപ്ടോപ് ദുരുപയോഗം ചെയ്തെന്നും രഹസ്യ സ്വഭാവമുള്ള രേഖകൾ നശിപ്പിച്ചെന്നുമാണ് പരാതി. നേരത്തെ വ്യാജവാർത്തയാണെന്ന് കാട്ടിയുള്ള പോസ്റ്റ് ഇതോടെ പിആർഡിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് അപ്രത്യക്ഷമായി. വിശദീകരണം പോലും നൽകാതെയായിരുന്നു പോസ്റ്റ് നീക്കിയത്. വ്യാജവാർത്തയാണെന്ന് കാട്ടി അറിയിപ്പ് ഇറക്കും മുൻപ് വാർത്താ ലേഖകനോട് വിശദീകരണം പോലും തേടിയില്ലെന്നും ഏകപക്ഷീയമായായിരുന്നു നടപടികളെന്നും വിമർശനം ശക്തമാവുകയാണ്.

Follow Us:
Download App:
  • android
  • ios