കുടകിലെ ജില്ലാ കലക്ടർ മലയാളിയാണ്. എറണാകുളം സ്വദേശി ആനീസ് കൺമണി ജോയ്. ഇവര്‍ കുടകിനെ കൊവിഡ് മുക്തമാക്കാന്‍ നടത്തിയ പ്രയത്നങ്ങള്‍ക്ക് ജനങ്ങളുടെ പ്രതികരണം എന്ന പേരിൽ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിലെ വസ്തുതയെന്താണ്?

ഒരു യുവതിയെ പൂക്കൾ വിതറിയും കാൽതൊട്ട് വണങ്ങിയുമെല്ലാം സ്വീകരിക്കുന്ന വീഡിയോയാണ് വാട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സ് ആയിരുന്ന പെൺകുട്ടി. ഐഎഎസ് പാസായി കുടക് ജില്ലാ കലക്ടറായി. നഴ്സിങ് ജോലിയിലെ പരിചയം ഉപയോഗപ്പെടുത്തി അവർ കുടക് ജില്ലയെ കൊവിഡ് മുക്തമാക്കി.കുടകിലെ ജനങ്ങളുടെ ആദരം ഏറ്റുവാങ്ങുകയാണിവർ. എന്നാണ് ഇതിനൊപ്പമുള്ള കുറിപ്പ്.

എറണാകുളം സ്വദേശി ആനീസ് കൺമണി ജോയ് ആണ് കുടക് ജില്ലാ കലക്ടർ. അവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് നഴ്സിങ് പഠനം പൂർത്തിയാക്കിയത്. പിന്നീട് 65ആം റാങ്കോടെ ഐഎഎസ് പൂർത്തിയാക്കി. കലക്ടറായി ആനീസിന്‍റെ ആദ്യ നിയമനമായിരുന്നു കുടകിലേത്. കർണാടകത്തിൽ ഏറ്റവും കുറവ് കൊവിഡ് വ്യാപന നിരക്കുളള ജില്ലയായി കുടകിനെ മാറ്റിയതിൽ കലക്ടറുടെ നേതൃപാടവം പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

അപ്പോൾ ദൃശ്യത്തിനൊപ്പമുളള കുറിപ്പ് ഒരു പരിധി വരെ ശരിയാണ്. എന്നാൽ ആ ദൃശ്യത്തിലുളളത് കുടക് കലക്ടറായ, മലയാളിയായ ആനീസ് കൺമണി ജോയ് അല്ല. ഏഷ്യാനെറ്റ് ന്യൂസിനോട് തന്നെ അവർ ഇത് വ്യക്തമാക്കുകയും ചെയ്തു. അവരുടേതെന്ന പേരിൽ പ്രചരിക്കുന്നത് തെറ്റായ ദൃശ്യങ്ങളാണ്.

പിന്നെ ആരാണ് ദൃശ്യങ്ങളിലുളള യുവതി. അത് ഒരു ഓൺലൈൻ വ്യാപാര കമ്പനിയായ സേഫ് ഷോപ്പ് ഇന്ത്യയുടെ ജീവനക്കാരി ആണെന്നാണ് വ്യക്തമായത്. നസിയ എന്നാണ് ഇവരുടെ പേരെന്നും കാണുന്നു.അപ്പോൾ , ആനീസ് കൺമണി ജോയ് ഐഎഎസിന്‍റേത് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ തെറ്റാണ്. അതിലുളളത് മറ്റൊരാളാണ്.