'വിധവകളായ സ്ത്രീകള്‍ക്ക് അഞ്ച് ലക്ഷം രൂപയും തയ്യല്‍ മെഷീനും, അര്‍ഹരായവര്‍ ഉടന്‍ അപേക്ഷിക്കുക'. കേന്ദ്രസര്‍ക്കാരിന്‍റേതെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന ഈ പ്രചാരണം വ്യാജമാണ്. രാജ്യത്തെ എല്ലാ വിധവകളേയും സഹായിക്കാനായി മോദി സര്‍ക്കാരിന്‍റെ പദ്ധതിയെന്ന പേരിലാണ് വീഡിയോ പ്രചാരണം. വിധവാ മഹിളാ സമൃദ്ധി എന്ന പേരിലാണ് പ്രചാരണം വ്യാപകമാവുന്നത്. നിരവധിപ്പേരാണ് വീഡിയോയില്‍ പറയുന്ന പ്രകാരം അപേക്ഷ നല്‍കിയത്.

അഞ്ച് ലക്ഷം രൂപ ബാങ്ക് അക്കൌണ്ടിലേക്ക് നല്‍കുമെന്നാണ് വീഡിയോയുടെ വാദം. അപേക്ഷയിലെ ചെറിയ തെറ്റ് പോലും അപേക്ഷ നിരാകരിക്കാന്‍ ഇടയാക്കുമെന്നും വീഡിയോ അവകാശപ്പെടുന്നു. അപേക്ഷ നല്‍കി തുകയും തയ്യല്‍ മെഷീനും പലര്‍ക്കും ലഭിച്ചുവെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ  പദ്ധതിപ്രകാരം  പണം ലഭിക്കുമെന്നും പറയുന്നു. 28 വയസിന് മുകളിലുള്ള വിധവകള്‍ക്കാണ് പദ്ധതി പ്രകാരം തുക ലഭിക്കുക എന്നും വീഡിയോ അവകാശപ്പെടുന്നു. സര്‍ക്കാരി അപ്ഡേറ്റ്സ് എന്ന യുട്യൂബ് ചാനലാണ് പ്രചാരണത്തിന് പിന്നില്‍. 

എന്നാല്‍ മോദി സര്‍ക്കാര്‍ വിധവാ മഹിളാ സമൃദ്ധി എന്ന പേരില്‍ പദ്ധതി ആരംഭിച്ചിട്ടില്ലെന്ന് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വിശദമാക്കുന്നു. വിധവകളായ സ്ത്രീകളുടെ ബാങ്ക് അക്കൌണ്ടിലേക്ക് അഞ്ച് ലക്ഷം രൂപയും ജീവനോപാധിയായി തയ്യില്‍ മെഷീനും നല്‍കുമെന്ന പ്രചാരണം വ്യാജമാണ്.