ഡിസംബര്‍ ഒന്നുമുതല്‍ വീണ്ടും ലോക്ക്‌ഡൗണ്‍ എന്ന പേരില്‍ നടക്കുന്ന പ്രചാരണം വ്യാജം. കൊവിഡിന്‍റെ രണ്ടാം തരംഗം വരുന്നത് കണക്കിലെടുത്ത് ഡിസംബര്‍ 1 മുതല്‍ രാജ്യം ലോക്ക്‌ഡൗണിലേക്ക് എന്ന രീതിയിലായിരുന്നു പ്രചാരണം. പ്രമുഖ മാധ്യമ സ്ഥാപനത്തിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിന്‍റെ പേരിലായിരുന്നു പ്രചാരണം നടന്നത്. 

യൂറോപ്പില്‍ കൊവിഡ് തരംഗം രണ്ടാമതും ശക്തമാകുമ്പോള്‍ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെ ഉദ്ധരിച്ച് ട്വീറ്റ് പുറത്ത് വന്നത്. പുറത്ത് വന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ ട്വീറ്റ് വൈറലായി. പുതിയ ലോക്ക്‌ഡൗണില്‍ ഒരു തരത്തിലുള്ള ഇളവുകള്‍ ഉണ്ടാകില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയെ ഉദ്ധരിച്ചുള്ള ട്വീറ്റില്‍ അവകാശപ്പെട്ടത്. 

എന്നാല്‍ ഈ പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കി. മാധ്യമ സ്ഥാപനത്തിന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍ മോര്‍ഫ് ചെയ്താണ് ഈ ട്വീറ്റ് ചെയ്തിരിക്കുന്നതെന്നും പിഐബി ഫാക്ട് ചെക്ക് കണ്ടെത്തി. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പിഐബി ട്വീറ്റ് ചെയ്തു.

ഡിസംബര്‍ 1 മുതല്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക്‌ഡൗണ്‍ എന്ന പ്രചാരണം തെറ്റാണ്.