ബിഹാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. ആശുപത്രി വരാന്തയിലൂടെ സ്ട്രക്ചര്‍ തള്ളി നടക്കുന്ന ബാലന്‍റെ വീഡിയോയാണ് വൈറലായി പ്രചരിക്കുന്നത്. ആശുപത്രി ജീവനക്കാരെ സ്ട്രക്ചറിന് സമീപത്തോ ആശുപത്രി വരാന്തയില്‍ കാണാനില്ല വീഡിയോയില്‍ സ്ട്രക്ചറിന്‍റെ മുന്‍ ഭാഗത്ത് ഒരു സ്ത്രീയുള്ളതും വീഡിയോയില്‍ കാണാം. 

മനുഷ്യത്വത്തെ പരിഹസിക്കുന്ന ബിജെപി  ജെഡിയു ഭരണം. യുവ വോട്ടര്‍മാരുടെ വോട്ട് വാങ്ങി ജയിച്ച ശേഷം അവരെ ആശുപത്രി വരാന്തയില്‍ മരിക്കാന്‍ വിടുന്ന സര്‍ക്കാര്‍ എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ബിഹാറിലെ കോണ്‍ഗ്രസിന്‍റെ ഒദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. മറക്കില്ല, മറക്കാന്‍ അനുവദിക്കില്ലെന്നുമുള്ള ഹാഷ് ടാഗോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ബിഹാറിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിന് ഇടയിലാണ് വീഡിയോ വൈറലാവുന്നത്. 

എന്നാല്‍ തെരഞ്ഞെടുപ്പ് പുരോമഗിക്കുന്ന ബിഹാറില്‍ നിന്നുളളതല്ല ചിത്രങ്ങളെന്നാണ് ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഉത്തര്‍ പ്രദേശിലെ ഡിയോറിയ ജില്ലാ ആശുപത്രിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. 2020 ജൂലൈയില്‍ ഈ വീഡിയോ വൈറലായതിന് സര്‍ജിക്കല്‍ വാര്‍ഡിലെ വാര്‍ഡ് ബോയിയെ പുറത്താക്കിയിരുന്നു. മാധ്യമ സ്ഥാപനമായ ആജ് തക് പുറത്ത് വിട്ട വീഡിയോയും വസ്തുതാ പരിശോധനയില്‍ കണ്ടെത്താനായി. ശരീരത്തില്‍ നിരവധി പൊട്ടലുകളുമായി ആശുപത്രിയിലെത്തിച്ച മുത്തശ്ശന് വാര്‍ഡിലേക്ക് മാറ്റാന്‍ പ്രായമായ മുത്തശ്ശിയെ സഹായിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

പരിശോധനയ്ക്കായി വിവിധ വാര്‍ഡുകളിലേക്ക് കൊണ്ടു പോകാനായി വാര്‍ഡ് ബോയി ആവശ്യപ്പെട്ട 30 മുപ്പത് രൂപ നല്‍കാന്‍ കയ്യിലില്ലാതെ വന്നതോടെയായിരുന്നു വൃദ്ധയ്ക്ക് ഭര്‍ത്താവിനെ കൊച്ചുമകന്‍റെ സഹായത്തോടെ സ്ട്രക്ചറില്‍ കൊണ്ടുപോകേണ്ടി വന്നത്. ഈ സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുന്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് കേശവ് ചന്ദ് യാദവ് ഈ വീഡിയോ ജൂലൈ മാസം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

ബിജെപി ജെഡിയു സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഹാറിലേതെന്ന നിലയില്‍ പ്രചരിക്കുന്ന ബന്ധുവിന്‍റെ സ്ട്രക്ചര്‍ തള്ളുന്ന ബാലന്‍റെ വീഡിയോ വ്യാജമാണ്.