ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍റെ ചിത്രം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്നത് വ്യാജചിത്രം. വേപ്പറൈസിംഗ് കാട്രിഡ്ജിന് ഉള്ളില്‍ ഇരിക്കുന്ന വാക്സിന്‍ ഷോട്ടിന്‍റേത് പോലുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. കൊവിഡ് വാക്സിന്‍ എടുക്കാന്‍ തയ്യാറായിക്കൊള്ളൂ, ഇതാണ് വാക്സിന്‍ എന്ന പേരിലാണ് ചിത്രം വ്യാപകമാവുന്നത്. ഡിസംബര്‍ 19പത് മുതലാണ് ചിത്രം വ്യാപകമായി പ്രചരിച്ചത്

എന്നാല്‍ ഫൈസര്‍ ഇതുവരെയും വാക്സിന്‍റെ ഡാറ്റ ഇന്ത്യ ഡ്രഗ് കണ്‍ട്രോളര്‍ ആന്‍ഡ് റെഗുലേറ്ററിന് നല്‍കിയിട്ടില്ല. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതി ഫൈസര്‍ തേടിയിട്ടുണ്ടെങ്കിലും വാക്സിന്‍ സംബന്ധിയായ വിവരങ്ങള്‍ രാജ്യത്തിന് നല്‍കിയിട്ടില്ലെന്നാണ് വസ്തുതാപരിശോധക വെബ്സൈറ്റായ ബൂംലൈവ് വിശദമാക്കുന്നത്. എന്നാല്‍ വാക്സിന്‍റെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ മൂന്ന് തകരാറാണ് ബൂംലൈവ് കണ്ടെത്തിയത്. 

ഒന്ന്: ഫൈസര്‍ ലോഗോയുടെ തൊട്ട് താഴെയുള്ള എഴുത്തില്‍ മേക്കര്‍ ഓഫ് ദി ബോണര്‍ പില്‍ എന്നാണ് എഴുതിയിട്ടുള്ളത്. ഫൈസര്‍ വയാഗ്ര നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഫൈസറിന്‍റെ ബ്രാന്‍ഡ് അതിനായി ഇപയോഗിക്കാറില്ല. 

രണ്ട്:വാക്സിന്‍ പാക്കേജില്‍ ചൈനയില്‍ നിര്‍മ്മിതമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ബയോണ്‍ടെക്കും ഫൈസറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കൊവിഡ് വാക്സിന്‍ അമേരിക്കയിലാണ് നിര്‍മ്മിക്കുന്നത്.

മൂന്ന്: ഒറ്റഡോസ് വാക്സിന്‍ എന്നാണ് ഈ ചിത്രത്തില്‍ വിശദമാക്കുന്നത്. എന്നാല്‍ കൊവിഡ് പ്രതിരോധത്തിനായി നിര്‍മ്മിച്ച കൊവിഡ് വാക്സിനില്‍ രണ്ട് ഷോട്ട് മരുന്നാണ് ഉപയോഗിക്കുന്നത്. ആദ്യ ഷോട്ട് സ്വീകരിച്ചതിന് ശേഷം 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഷോട്ട് സ്വീകരിക്കുന്നത്. 

ഇന്‍ഹേലറില്‍ ഉപയോഗിക്കുന്ന രീതിയിലുള്ള മരുന്നിന്‍റെ ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍ ഇന്‍ജക്ഷന്‍ മസിലുകളിലാണ് എടുക്കുന്നത്. വ്യാപകമായി പ്രചരിക്കുന്ന ചിത്രം ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍റേതല്ലെന്ന് ഫൈസറും വ്യക്തമാക്കിയിട്ടുണ്ട്. 

കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായ ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍റെ ചിത്രം എന്ന പേരില്‍ വ്യാപകമാവുന്നത് വ്യാജചിത്രമാണ്.