Asianet News MalayalamAsianet News Malayalam

മരിച്ചിട്ടും മറഡോണയെ വിടാതെ വ്യാജ പ്രചാരണം; അന്ത്യകർമ്മങ്ങളുടെ വീഡിയോ വ്യാജം

റോഡ് മുഴുവന്‍ തിക്കി തിരക്കി നീങ്ങുന്ന വലിയൊരു ജനക്കൂട്ടത്തിന്‍റെ വീഡിയോയാണ് ഡിഗോ മറഡോണയുടെ മൃതസംസ്കാര യാത്രയുടേതെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

reality of viral video shows a street densely packed with people waving flags as funeral procession  Diego Maradona
Author
Buenos Aires, First Published Nov 27, 2020, 11:02 PM IST

അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണയുടെ മൃതസംസ്കാര യാത്രയില്‍ നിരന്ന ആരാധകരെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാജം. റോഡ് മുഴുവന്‍ തിക്കി തിരക്കി നീങ്ങുന്ന വലിയൊരു ജനക്കൂട്ടത്തിന്‍റെ വീഡിയോയാണ് ഡിഗോ മറഡോണയുടെ മൃതസംസ്കാര യാത്രയുടേതെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നടന്ന ചടങ്ങുകളുടെ വീഡിയോ എന്ന കുറിപ്പോടെയാണ് പ്രചാരണം.

ഒരു രാജ്യത്തിന്‍റെ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ അല്ല. ആര്‍ക്കാണ് ഇത്ര സ്നേഹവും ആദരവും ഇന്നത്തെ കാലത്ത് ലഭിക്കുക. അദ്ദേഹം ഫുട്ബോള്‍ ആരാധകരുടെ മനസില്‍ അമര്‍ത്യനായി തുടരും. ഫേസ്ബുക്ക്. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഈ പ്രചാരണം വ്യാപകമായിട്ടുണ്ട്. ഫുട്ബോള്‍ ഇതിഹാസത്തിന് ആദരാഞ്ജലി അര്‍പ്പിച്ചും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിലെ ആശങ്കയും പങ്കുവച്ചും നിരവധിപ്പേരാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. 

എന്നാല്‍ അര്‍ജന്‍റീനയില്‍ 2019ല്‍ നടന്ന ഒരു പരിപാടിയുടെ വീഡിയോയാണ് വ്യാജകുറിപ്പോടെ പ്രചരിപ്പിക്കുന്നതെന്നാണ് ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം കണ്ടെത്തിയത്. റിവേഴ്സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയില്‍ അര്‍ജന്‍റീന പ്രസിഡന്‍റിന് പിന്തുണ പ്രഖ്യാപിച്ച നടന്ന പരിപാടിയിലേതാണ് ഈ ദൃശ്യങ്ങള്‍. മൌറീഷ്യോയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവുമധികം ആളുകള്‍ പങ്കെടുത്ത പരിപാടിയെന്നാണ് അന്ന് ഈ പരിപാടിയേക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ റാലി നടന്നതിന് ഏതാനു ദിവസങ്ങള്‍ക്ക് ശേഷം വന്ന തെരഞ്ഞെടുപ്പ് ഫലം മൌറീഷ്യോക്കെതിരായിരുന്നു. ആ റാലിയുടെ ദൃശ്യങ്ങള്‍ അദ്ദേഹവും അന്ന് ട്വീറ്റ് ചെയ്തിരുന്നു. 

സ്വകാര്യ ചടങ്ങായി നടത്തിയ ഡീഗോ മറഡോണയുടെ സംസ്‌കാരത്തില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ രണ്ട് ഡസനോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. പ്രാദേശിക സമയം നാല് മണിയോടെ ആയിരുന്നു സംസ്‌കാരം. ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണയുടെ മൃതസംസ്കാര യാത്രയില്‍ നിരന്ന ആരാധകരെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍  വ്യാജമാണ്. 

Follow Us:
Download App:
  • android
  • ios