മുംബൈ: ആസാദ് മൈതാനത്തെ അമർ ജവാന്‍ സ്‍മാരകം മുസ്ലീം യുവാക്കള്‍ തകർക്കുന്ന ചിത്രം ഫോട്ടോഷോപ്പാണ് എന്ന് ട്വീറ്റ് ചെയ്ത് ബോളിവുഡ് താരം സ്വരാ ഭാസ്‍കർ. 2012ല്‍ നടന്ന അക്രമ സംഭവങ്ങളുടെ ചിത്രമാണ് വ്യാജ തലക്കെട്ടോടെ ബോളിവുഡ് താരം പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ തിരുത്തുമായി സ്വരാ ഭാസ്‍കർ രംഗത്തെത്തി. 

പ്രചാരണം ഇങ്ങനെ

രണ്ട് യുവാക്കള്‍ അമർ ജവാന്‍ സ്മാരകം ചവിട്ടിമറിച്ചിടുകയും തകർക്കുകയും ചെയ്യുന്നതിന്‍റെ രണ്ട് ചിത്രങ്ങളോടെയായിരുന്നു സ്വരാ ഭാസ്‍കറിന്‍റെ ട്വീറ്റ്. घटिया फ़ोटोशॉप !(ഫോട്ടോഷോപ്പ് ചിത്രം) എന്നായിരുന്നു തലക്കെട്ട് നല്‍കിയിരുന്നത്.

വസ്തുത

സ്വരാ ഭാസ്കർ ട്വീറ്റ് ചെയ്ത ചിത്രം ഫോട്ടോഷോപ്പല്ല, യഥാർഥമാണ് എന്നതാണ് വസ്തുത. 2012ല്‍ മുംബൈ ആസ്ഥാനമായ സൂഫി സംഘടനയായ റാസ അക്കാദമി മ്യാന്‍മാറിലെ റോഹിഗ്യന്‍ മുസ്ലീംങ്ങള്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധം അക്രമാസക്തമായതിന്‍റെ ചിത്രമാണിത്. 

വസ്‍തുത പരിശോധന രീതി

ട്വിറ്റിലെ ചിത്രം റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോഴാണ് വസ്തുത പുറത്തുവന്നത്. 2012 ഓഗസ്റ്റ് 29ന് മിഡ് ഡേ പ്രസിദ്ധീകരിച്ച ഒരു വാർത്തയില്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അതുല്‍ കുംബ്ലെയാണ് ചിത്രം പകർത്തിയത് എന്നാണ് വാർത്തയ്‍ക്കൊപ്പം നല്‍കിയിരിക്കുന്നത്.  ആസാദ് മൈതാനത്തെ അമർ ജവാന്‍ സ്മാരകം തകർത്ത ഒരാളുടെ പേര് അബ്ദുള്‍ ഖാദിർ മുഹമ്മദ് യൂനസ് അന്‍സാരി എന്നാണെന്നും അയാള്‍ സംഭവത്തിന് 18 ദിവസങ്ങള്‍ക്ക് ശേഷം അറസ്റ്റിലായി എന്നും റിപ്പോർട്ടില്‍ പറയുന്നു.

അമർ ജവാന്‍ സ്‍മാരകം തകർത്തവരെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ മുംബൈ പൊലീസിന് നല്‍കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് രാജീവ് ചന്ദ്രശേഖർ എം പി 2013ല്‍ പ്രഖ്യാപിച്ചിരുന്നു. മുമ്പ് സിഎഎ പ്രതിഷേധങ്ങളുമായും ബന്ധപ്പെട്ട് സമാന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.

നിഗമനം

മുംബൈയിലെ അമർ ജവാന്‍ സ്മാരകം തകർക്കുന്നതിന്‍റെ ചിത്രം ഫോട്ടോഷോപ്പാണ് എന്ന സ്വരാ ഭാസ്‍കറിന്‍റെ വാദം കള്ളമാണ്. യുവാക്കള്‍ സ്മാരകം തകർക്കുന്ന ചിത്രങ്ങള്‍ വാസ്തവമാണ് എന്ന് അക്കാലത്തെ വാർത്തകള്‍ തെളിയിക്കുന്നു. എന്നാല്‍ വ്യാജ ട്വീറ്റ് പൊളിഞ്ഞതോടെ തിരുത്തുമായി സ്വരാ ഭാസ്‍കർ രംഗത്തെത്തിയിട്ടുണ്ട്.