Asianet News MalayalamAsianet News Malayalam

എവിടെ നിന്നാണ് ബുള്ളറ്റ് എന്ന് മനസിലാവില്ല, ഹമാസിനെ ഇസ്രയേല്‍ ആക്രമിക്കുന്നത് സ്‌നൈപ്പറുകളാല്‍? വീഡിയോ സത്യമോ

ഒരു വീഡിയോ പറയുന്നത് ഇസ്രയേല്‍ സൈന്യം ഇത്തരം സ്‌നൈപ്പറുകള്‍ ഉപയോഗിച്ചാണ് ഹമാസിനെ നേരിടുന്നത് എന്നാണ്

Video of a sniper expertly kill several Hamas fighters is not real fact check jje
Author
First Published Oct 18, 2023, 12:54 PM IST

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം വെടിനിര്‍ത്തലില്ലാതെ നീളുകയാണ്. ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ മിന്നലാക്രണത്തിന് പിന്നാലെ ഗാസയില്‍ മിസൈലുകളും ബോംബുകളും വര്‍ഷിക്കുന്നത് തുടരുകയാണ് ഇസ്രയേല്‍. ഇതിനകം നിരവധി ജീവനുകള്‍ ഹമാസിന്‍റെ ഭാഗത്ത് പൊലിഞ്ഞു എന്നിരിക്കേ പ്രചരിക്കുന്ന ഒരു വീഡിയോ പറയുന്നത് ഇസ്രയേല്‍ സൈന്യം ഇത്തരം സ്‌നൈപ്പറുകള്‍ ഉപയോഗിച്ചാണ് ഹമാസിനെ നേരിടുന്നത് എന്നാണ്. നിരവധി പേരെ കൊലപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. 

Video of a sniper expertly kill several Hamas fighters is not real fact check jje

പ്രചാരണം

'ഹമാസ് ഭീകരരെ ഇത്തരം ആയുധങ്ങള്‍ കൊണ്ടാണ് കൊല്ലുന്നത്. എവിടെ നിന്നാണ് വെടിയൊച്ച വരുന്നത് എന്ന് പോലും അറിയാതെ അവൻ മരിക്കുകയാണ്' എന്നും വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പില്‍ ഹരി സിംഗ് ഷെഖാവത് അവകാശപ്പെടുന്നു. ഇതേ വീഡിയേ സമാന തലക്കെട്ടോടെ കേശവ് അയ്യങ്കാര്‍ എന്നയാളും ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 2023 ഒക്ടോബര്‍ 13-ാം തിയതിയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഹമാസുകാരനെ ഒളിഞ്ഞിരുന്ന് ദൂരെ നിന്ന് സൂം ചെയ്‌ത ശേഷം സ്‌നൈപ്പര്‍ തലയ്‌ക്ക് വെടിവെക്കുന്നതായാണ് വീഡിയോയില്‍ ആദ്യം ദൃശ്യമാകുന്നത്. ഇത്തരത്തില്‍ നിരവധി പേരെ കൊലപ്പെടുത്തുന്നത് സ്നൈപ്പര്‍ വീഡിയോയില്‍ പിന്നാലെ കൊടുത്തിട്ടുണ്ട്. 

വസ്‌തുത

എന്നാല്‍ സ്‌നൈപ്പറിന്‍റെത് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ അര്‍മ 3 എന്ന ഗെയിമില്‍ നിന്നുള്ള ദൃശ്യമാണ് എന്നതാണ് യാഥാര്‍ഥ്യം. ഗെയിമിലെ സിമുലേഷന്‍ വീഡിയോയാണ് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെത് എന്ന പേരില്‍ പലരും ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ഒരാളും ഇതൊരു സിമുലേഷന്‍ വീഡ‍ിയോയാണ് എന്ന് വ്യക്തമാക്കുന്നില്ല. വളരെ പ്രസിദ്ധമായ ഗെയിമാണ് അര്‍മ 3. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ യൂട്യൂബില്‍ മാര്‍ക്കസ് റാം എന്ന അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് എന്ന് കാണാം. വീഡിയോയുടെ വിവരണത്തില്‍ ഇതൊരു സിമുലേഷന്‍ വീഡിയോയാണ് എന്ന് മാര്‍ക്കസ് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അര്‍മ 3യിലെ വീഡിയോയാണിത് എന്നും വിവരണത്തിലുണ്ട്. 

നിഗമനം

ഹമാസുകാരെ കൊല്ലുന്ന ഇസ്രയേലി സ്‌നൈപ്പർ എന്ന വ്യാജേന പ്രചരിക്കുന്ന വീഡിയോ Arma 3 എന്ന ഗെയിമില്‍ നിന്നുള്ളതാണ്. അര്‍മ 3 ഗെയിമിലെ വേറെ ദൃശ്യങ്ങള്‍ ഇപ്പോഴത്തെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെത് എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. ഇവയില്‍ പലതിന്‍റെയും വസ്‌തുത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം പരിശോധിച്ച് പുറത്തുകൊണ്ടുവന്നിരുന്നു. 

Read more: ഹമാസ് വീണ്ടും വ്യോമാക്രമണം തുടങ്ങിയെന്ന് എക്‌സില്‍ പ്രചാരണം; ദൃശ്യങ്ങള്‍ വീഡിയോ ഗെയിമിലേത്...Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios