ജര്‍മ്മനിയിലെ ബാവേറിയ എന്ന സ്ഥലത്തെ ഒരു പോസ്റ്റ് ഓഫീസ്. തിരക്കുള്ള ഓഫീസ് സമയം. ഏറെ നേരമായി പരിസരത്താകെ ഒരു ദുര്‍ഗന്ധം അനുഭവപ്പെടുന്നത് പോസ്റ്റ് ഓഫീസ് ജീവനക്കാരും അവിടെയെത്തിയ ആളുകളുമെല്ലാം ശ്രദ്ധിക്കുന്നു. 

സമയം മുന്നോട്ട് പോകുംതോറും ദുര്‍ഗന്ധത്തിന്റെ രൂക്ഷത വര്‍ധിച്ചുവന്നു. ഒടുവില്‍ ജീവനക്കാരടക്കം 12 പേര്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും വന്നുതുടങ്ങി. ഇതില്‍ ആറ് പേരെ പരിശോധനയ്ക്ക് ശേഷം വിട്ടയയ്ക്കുകയും ആറ് പേരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. 

തുടര്‍ന്ന് എന്താണ് ദുര്‍ഗന്ധത്തിന് ഹേതുവായത് എന്ന് അന്വേഷിച്ചവരാണ് ഒടുവിലതിന്റെ ഉറവിടം കണ്ടെത്തിയത്. പോസ്‌റ്റോഫീസില്‍ പാഴ്‌സലായി എത്തിയ ഒരു പൊതിയില്‍ നിന്നാണ് ഓക്കാനമുണ്ടാക്കുന്ന ദുര്‍ഗന്ധം വരുന്നത്. പൊതി തുറന്നുനോക്കിയപ്പോള്‍ അതിലുണ്ട് വില്ലന്‍. 

'ഡ്യൂറിയന്‍' എന്നറിയപ്പെടുന്ന പഴമായിരുന്നു പൊതിക്കകത്ത്. തായ്‌ലാന്‍ഡ്, മലേഷ്യ പോലുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന പഴമാണിത്. നമ്മുടെ ചക്കയുടെ ഏകദേശ രൂപമാണിതിന്. പച്ചനിറത്തില്‍ മുള്ളുകളോട് കൂടിയ തൊലിയും അകത്ത് മഞ്ഞ നിറത്തില്‍ കാമ്പും. 

സംഗതി എന്തെന്നാല്‍ അതിരൂക്ഷമായ ദുര്‍ഗന്ധമാണ് ഈ പഴത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചീഞ്ഞ ഉള്ളിയുടേതിനോ പഴകിയ ഭക്ഷണത്തിന്റേതിനോ സമാനമായ മടുപ്പിക്കുന്ന മണമാണത്രേ ഇതിന്. 

'കിംഗ് ഓഫ് ഫ്രൂട്ട്‌സ്' എന്ന് പല രാജ്യക്കാരും കരുതിപ്പോരുന്ന 'ഡ്യൂറിയന്' പരക്കെ ഒരംഗീകാരം ലഭിക്കാതിരുന്നത് പോലും ഈ ദുര്‍ഗന്ധം കാരണമത്രേ. ശീലമില്ലാത്തവരാണെങ്കില്‍ ഏറെ നേരം ഈ ദുര്‍ഗന്ധമനുഭവിച്ചാല്‍ തലകറക്കവും ഛര്‍ദ്ദിയുമെല്ലാം സ്വാഭാവികം. ബാവേറിയന്‍ പോസ്റ്റ് ഓഫീസില്‍ നടന്നതും അതുതന്നെ. 

ചൈനയാണ് 'ഡ്യൂറിയ'ന്റെ പ്രധാന ഉപഭോക്താക്കള്‍ തായ്‌ലാന്‍ഡില്‍ നിന്നും മലേഷ്യയില്‍ നിന്നുമെല്ലാം വലിയ തോതിലാണ് ചൈനയിലേക്ക് 'ഡ്യൂറിയന്‍' കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ ദുര്‍ഗന്ധം മൂലം മിക്ക രാജ്യങ്ങളും ഇത് കച്ചവടത്തിനായി എടുക്കുന്നില്ലെന്നതാണ് സത്യം. മുമ്പും 'ഡ്യൂറിയ'ന്റെ ദുര്‍ഗന്ധം ആളുകളെ ബാധിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

Also Read:- ഒറ്റയടിക്ക് ഒരു ഫ്‌ളൈറ്റിലെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയ 'പഴം'...