ഫ്‌ളൈറ്റിനകത്ത് മുഴുവനും ഒരു കെട്ട മണമുണ്ടെന്ന് പറഞ്ഞായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. ഫ്‌ളൈറ്റ് ഉയര്‍ന്നുകഴിഞ്ഞാല്‍ ഉടന്‍ തന്നെ മണം മാറുമെന്ന് പറഞ്ഞ് ജീവനക്കാര്‍ യാത്രക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല

സുമാത്രയില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് പുറപ്പെടുന്ന വിമാനത്തിലേക്ക് യാത്രക്കാര്‍ ഓരോരുത്തരായി കയറി. ഫ്‌ളൈറ്റ് പുറപ്പെടാന്‍ അധികസമയം ബാക്കിയുണ്ടായിരുന്നില്ല. എന്നാല്‍ പെട്ടെന്നായിരുന്നു യാത്രക്കാര്‍ക്കിടയില്‍ മുറുമുറുപ്പുകളുയര്‍ന്നത്. 

വൈകാതെ തന്നെ മുറുമുറുപ്പുകള്‍ ഉയര്‍ന്ന ശബ്ദത്തിലുള്ള പ്രതിഷേധങ്ങളിലേക്ക് വഴിമാറി. ഫ്‌ളൈറ്റിനകത്ത് മുഴുവനും ഒരു കെട്ട മണമുണ്ടെന്ന് പറഞ്ഞായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. ഫ്‌ളൈറ്റ് ഉയര്‍ന്നുകഴിഞ്ഞാല്‍ ഉടന്‍ തന്നെ മണം മാറുമെന്ന് പറഞ്ഞ് ജീവനക്കാര്‍ യാത്രക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

രൂക്ഷമായ ഗന്ധം സഹിച്ച് യാത്ര ചെയ്യാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി, യാത്രക്കാരെല്ലാം പുറത്തിറങ്ങി. ഫ്‌ളൈറ്റെടുക്കേണ്ട സമയം പിന്നിട്ടിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാഞ്ഞതോടെ ജീവനക്കാര്‍ സത്യം തുറന്നുപറഞ്ഞു. ഫ്‌ളൈറ്റില്‍ കയറ്റി അയക്കുന്ന 'ഡ്യൂറിയന്‍' എന്ന പഴത്തിന്റെ ഗന്ധമാണ് പ്രശ്‌നക്കാരന്‍. 

രൂക്ഷമായ ഗന്ധത്തിന് പേരുകേട്ട പഴമാണ് 'ഡ്യൂറിയന്‍'. അല്‍പം മധുരവും, ക്രീമി ടേസ്റ്റുമൊക്കെയായി കഴിക്കാന്‍ രുചിയുണ്ടെങ്കിലും ഇതിന്റെ ഗന്ധം കൊണ്ട് മാത്രം കഴിക്കാതെ പോകുന്നവരാണ് അധികം പേരും. ചീസിന്റെ മണവുമായാണ് ഇതിന്റെ ഗന്ധത്തിന് സാമ്യതയുള്ളത്. എന്നാല്‍ രണ്ട് ടണ്ണിലധികം വരുന്ന പഴം വിമാനത്തിലുണ്ടായിരുന്നതിനാല്‍ തന്നെ മണം നിയന്ത്രിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയാതെ പോവുകയായിരുന്നു. 

തുടര്‍ന്ന് പഴമടങ്ങിയ കാര്‍ഗോ വിമാനത്താവളത്തില്‍ തിരിച്ചെത്തിച്ച ശേഷം മാത്രമേ സുമാത്രയില്‍ നിന്ന് വിമാനം പൊങ്ങിയുള്ളൂ. പല തവണയും 'ഡ്യൂറിയന്‍' ഫ്‌ളൈറ്റില്‍ കയറ്റി അയച്ചിട്ടുണ്ടെന്നും അന്നൊന്നും ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും ജീവനക്കാര്‍ അറിയിച്ചു. ചൂടുള്ള കാലാവസ്ഥ മൂലമായിരിക്കാം രൂക്ഷമായ ഗന്ധം വന്നതെന്നും ഇനിയും ഇത്തരം സാഹചര്യങ്ങളുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിശദമാക്കി.