Asianet News MalayalamAsianet News Malayalam

മഞ്ഞുകാലത്ത് കുടിക്കാം ക്യാരറ്റ് ജ്യൂസ്; അറിയാം അഞ്ച് ഗുണങ്ങള്‍...

ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ക്യാരറ്റ്. ഇവയൊക്കെ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

5 Benefits Of Drinking Carrot Juice In Winter
Author
First Published Nov 30, 2022, 6:23 PM IST

മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതുകൊണ്ടു തന്നെ ഈ കാലാവസ്ഥയ്ക്ക്  അനുയോജ്യമായ ഭക്ഷണരീതി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്.  മഞ്ഞുകാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

അത്തരത്തില്‍ മഞ്ഞുകാലത്ത് കഴിക്കേണ്ട പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. പ്രത്യേകിച്ച്, ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. 

 ക്യാരറ്റ് ജ്യൂസിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

ക്യാരറ്റില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റിഓക്സിഡന്‍റുകളും മറ്റ് വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കാം. 

മൂന്ന്... 

ബീറ്റാ കരോട്ടിന്‍ അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

നാല്...

വിറ്റാമിന്‍ എ ക്യാരറ്റിൽ ധാരാളമുണ്ട്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. അതിനാല്‍ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ക്യാരറ്റ് ജ്യൂസ് സഹായിക്കും. കൂടാതെ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ക്യാരറ്റ്. ഇവയൊക്കെ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

അഞ്ച്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തെ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കും. 

Also Read: റൂബി റെഡ് സാരിയില്‍ മനോഹരയായി ശ്രീയ ശരണ്‍; ചിത്രങ്ങള്‍ വൈറല്‍

Follow Us:
Download App:
  • android
  • ios