നല്ലൊരു ചമ്മന്തിയുണ്ടെങ്കില്‍ ഒരു പറ ചോറുണ്ണാം എന്ന് പഴമക്കാര്‍ പറയാറുണ്ട്‌. അതുപോലെ തന്നെ, പഴങ്കഞ്ഞിയും ചമ്മന്തിയും മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണ്ടാക്കുന്നതാണ്. ഇന്നത്തെ കാലത്ത് ഇതൊക്കെ ആരെങ്കിലും കഴിക്കുമോ എന്നാണോ ആലോചിക്കുന്നത്? എല്ലാവരും പിസയുടെയും സാന്‍ഡ്‍‍വിച്ചിന്‍റെയും  ലോകത്തൊന്നുമല്ല. മലയാളികളുടെ പ്രിയങ്കരിയായ ഒരു നടിയാണ് തന്‍റെ വീട്ടിലെ ഇന്നത്തെ ഭക്ഷണത്തിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

ഇന്നത്തെ ഊണിനൊപ്പമുള്ള തന്‍റെ സ്പെഷ്യല്‍ ചമ്മന്തിയുടെ ചിത്രമാണ് നടി മുക്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വെറും ചമ്മന്തിയല്ല, ലൂബിക്ക (ലൗലോലിക്ക) ചമ്മന്തിയാണ് മുക്ത തയ്യാറാക്കിയത്. 

"നമ്മുടെ ലൂബിക്ക... ഇന്നത്തെ ഊണിന് നല്ല കാന്താരി പൊട്ടിച്ച് എന്റെ സ്പെഷ്യല്‍ ലൂബിക്ക ചമ്മന്തി... പഴങ്കഞ്ഞിയിൽ ഒക്കെ ഇച്ചിരി ഇട്ട് ഒന്നു കുടിച്ചു നോക്കിയേ..." - എന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചത്. 

 

മലയാളികള്‍ക്ക് ഏറേ ഇഷ്ടമുള്ളതാണ് പഴവർഗ്ഗത്തിൽ ഉൾപ്പെടുന്ന ലൂബിക്ക. പുളി രസമാണിതിനെങ്കിലും നന്നായി പഴുത്ത ലൂബിക്കയ്ക്ക് അല്ലെങ്കില്‍ ലൗലോലിക്കയ്ക്ക് അല്പം മധുരവും ഉണ്ടാകും.

പുളിരസമുള്ളതിനാൽ ഉപ്പ് കൂട്ടിയാണ് ആളുകള്‍ ലൂബിക്ക കഴിക്കുന്നത്. ലൂബിക്ക ഉപ്പും പച്ചമുളകും ചേർത്ത് ചതച്ച് വെളിച്ചെണ്ണ ഒഴിച്ച് ലൂബിക്ക ചമ്മന്തി ഉണ്ടാക്കാം. ഉപ്പിലിട്ട ലൂബിക്കയും പച്ചമുളകും കൂട്ടിയരച്ച് ചമ്മന്തിയാക്കാനും നല്ലതാണ്. 

Also Read: 'എന്റെ കൺമണിയ്ക്കായി തയ്യാറാക്കിയ സ്പെഷ്യൽ എണ്ണ' ; വീഡിയോ പങ്കുവച്ച് മുക്ത...