‌പ്രമേഹമുള്ളവർ നിർബന്ധമായും ഒരു ഹെൽത്തി ഡയറ്റ് നോക്കുന്നത് വളരെ അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കുന്ന ഡയറ്റായിരിക്കണം പ്രമേഹരോ​ഗികൾ നോക്കേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അത് പോലെ ഡയറ്റ് പ്ലാനിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് നട്സ്.

പോഷകങ്ങളുടെ കലവറയാണ് നട്സ്. പ്രമേഹമുള്ളവർക്ക് നട്സ് മികച്ചൊരു ഹെൽത്തി ഫുഡ് ആണെന്ന് പറയാം. ഹൃദ്രോഗം തടയാനും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ നിയന്ത്രിക്കാനും നട്സിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. നട്സിൽ ഗ്ലൈസെമിക് സൂചിക കുറവായതിനാൽ നിർബന്ധമായും ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് നട്സ്. പ്രമേഹമുള്ളവർ നിർബന്ധമായും കഴിക്കേണ്ട മൂന്ന് നട്സുകൾ താഴേ ചേർക്കുന്നു...‌

ബദാം...

ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അമിത വിശപ്പ് കുറയ്ക്കുന്നതിനും ബദാം സഹായിക്കും. പ്രമേഹമുള്ളവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. അത് കൊണ്ട് തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ബദാം.

ബദാമിൽ പൂരിത കൊഴുപ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാന്‍ സഹായിക്കുന്നവയാണ്. ബദാമില്‍ ഏറെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദഹനപ്രക്രിയ അനായാസമാക്കാന്‍ സഹായിക്കുന്നവയാണ് ബദാം. ദിവസവും ബദാം കഴിക്കുന്നത്, ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. 

വാൾനട്ട്...

വാൽനട്ടിൽ ഫെെബർ, മഗ്നീഷ്യം, പ്രോട്ടീൻ, ഫോസ്ഫറസ്, ഒമേഗ -3 ആൽഫ-ലിനോലെനിക് ആസിഡ്  എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും നാല് വാൽനട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹരോ​ഗികൾ ദിവസവും നാലോ അഞ്ചോ വാൾനട്ട് കഴിക്കണമെന്നാണ് വിദ്​ഗധർ പറയുന്നത്.

ടെെപ്പ് 2 പ്രമേഹം വരാതിരിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നും പഠനങ്ങളിൽ പറയുന്നു. ദിവസവും വാൾനട്ട് കഴിക്കുന്നത് ക്യാൻസർ, അമിതവണ്ണം, ശരീരഭാരം, മറ്റ് ജീവിതശൈലി പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും പരിഹാരം കാണാനാകുമെന്ന് കാലിഫോർണിയ വാൾനട്ട് കമ്മീഷൻ (CWC) ആരോഗ്യ ഗവേഷണ ഡയറക്ടർ കരോൾ ബെർഗ് സ്ലോൺ പറയുന്നു. 

നിലക്കടല...

പ്രോട്ടീന്റെ ഉറവിടമാണ് നിലക്കടല. ഭക്ഷണത്തിൽ നിലക്കടല ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കാനും നിലക്കടല ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നിലക്കടലയ്ക്ക് കഴിവുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ചുവപ്പുമുന്തിരിയിൽ കാണപ്പെടുന്ന റെഡ്‌വെരാട്രോൾ എന്ന ഫിനോളിക് ആന്റിഓക്സിഡന്റ് നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് അർബുദം, ഹൃദ്രോഗം, നാഡീരോഗങ്ങൾ, മറവിരോഗം എന്നിവയെല്ലാം തടയാൻ സഹായിക്കുന്നു.