എണ്ണയില്ലാത്തൊരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ വയ്യ. വിവിധതരം ജൈവ-സസ്യ എണ്ണകളാണ് നമ്മൾ പാചകത്തിനും, ഔഷധാവശ്യങ്ങൾക്കും, സോപ്പ് പോലുള്ള വ്യക്തിശുചിത്വോത്പന്നങ്ങളുടെയും സൗന്ദര്യവർദ്ധകവസ്തുക്കളുടെ  നിർമ്മാണത്തിനും ഒക്കെ ഉപയോഗിക്കുന്നത്. പഴങ്ങളുടെ മാംസളമായ ഭാഗങ്ങൾ സംസ്കരിച്ച് വേർതിരിച്ചെടുക്കുന്നവയും കുരുക്കളിൽ നിന്ന് വേർതിരിച്ചെടുക്കുന്നവയും സസ്യങ്ങളുടെ ഇതരഭാഗങ്ങളിൽ നിന്നുണ്ടാക്കുന്നവയുമായവയൊക്കെയാണ് വിവിധതരം സസ്യഎണ്ണകൾ, എന്നിരുന്നാലും കുരുക്കളിൽ നിന്നാണ് നല്ലൊരു പങ്ക് സസ്യഎണ്ണയും വേർതിരിച്ചെടുക്കുന്നത്. കുരുക്കളിൽ നിന്നെടുക്കുന്നവ സസ്യ എണ്ണകളിൽ 'സീഡ് ഓയിൽ' എന്ന പ്രത്യേക വിഭാഗമായി അറിയപ്പെടുന്നു. സൂര്യകാന്തി എണ്ണ, സോയാബീൻ ഓയിൽ, ഫ്ലാക്സ് സീഡ് ഓയിൽ തുടങ്ങിയവയൊക്കെ സീഡ് ഓയിലുകളാണെങ്കിൽ ഒലീവ് ഓയിൽ പോലുള്ളവയാണ് സസ്യങ്ങളിലെ ഇതര ഭാഗങ്ങളിൽ നിന്നുണ്ടാക്കുന്നവ. ആൽമണ്ട് ഓയിൽ, ആർഗൻ ഓയിൽ, ഒലിവ് ഓയിൽ, കനോള ഓയിൽ, കോൺ ഓയിൽ, പരുത്തിക്കുരു എണ്ണ തുടങ്ങി നിരവധി സസ്യ എണ്ണകൾ വിപണിയിൽ ലഭ്യമാണ്.

വ്യാപകമായ ഉപഭോഗാവശ്യവും അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവും ഉയർന്ന വിലയും എണ്ണ വേർതിരിച്ചെടുക്കുന്നതിലുള്ള പ്രായോഗിക വൈഷമ്യങ്ങളുമാണ് താരതമ്യേന എളുപ്പവും വില കുറഞ്ഞതുമായ മായം ചേർക്കൽ വഴികളിലേക്ക് ലാഭക്കൊതി കയറിയ വ്യാപാരികളെ എത്തിക്കുന്നതെന്ന് ഭക്ഷ്യോപയോഗവസ്തുക്കളുടെ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ പറയുന്നു. ഗുണനിലവാരം എന്നത് അല്പം പോലും ഇത്തരത്തിൽ മായം ചേർക്കപ്പെട്ട എണ്ണകളിൽ നിന്നും പ്രതീക്ഷിക്കാൻ വയ്യെന്നു മാത്രമല്ല, ഇവയുടെ ഏതുതരത്തിലുള്ള ഉപയോഗവും, പാചകത്തിനും ഔഷധാവശ്യങ്ങൾക്കും ഉള്ളവക്കു പുറമെ സൗന്ദര്യവർദ്ധക വസ്തുക്കളായും മറ്റും ശരീരത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഉപയോഗവും, വിപരീത ഫലങ്ങൾക്കും മാരകമായ രോഗങ്ങൾക്കും വഴിവയ്ക്കുകയും ചെയ്യും.

എണ്ണ എന്തിനാണ്?

ട്രൈഗ്ലിസറൈഡ്, ഫ്രീ ഫാറ്റി ആസിഡ്സ്, ഫോസ്ഫാറ്റിഡെസ്, ഫാറ്റി ആൽക്കഹോൾസ് എന്നീ ഘടകങ്ങളാണ് സസ്യഎണ്ണകളിൽ പുതുവേ കാണപ്പെടുന്നത്. ശുദ്ധമായ രൂപത്തിൽ ആരോഗ്യപരമായ ഒരുപാട് ഗുണങ്ങൾ ഉള്ളവയാണ് ഓരോ സസ്യഎണ്ണയും. (എന്നാൽ ചിലവ ചില രോഗങ്ങളുള്ളവർക്ക് ഉപയോഗിച്ചുകൂടാത്തതുമാണ്) വിറ്റാമിൻ ഇ-യാൽ സമ്പുഷ്ടമായ സസ്യഎണ്ണകൾ പൊതുവേ കോശങ്ങളുടെ വളർച്ചയേയും ആരോഗ്യത്തേയും ഏറെ സഹായിക്കുന്നവയാണ്. രോഗപ്രതിരോധശേഷിയും ദഹനവ്യൂഹത്തിൻ്റെ ആരോഗ്യവും ലൈംഗികാരോഗ്യവും മെച്ചപ്പെടുത്തുന്ന ഈ എണ്ണകൾ തൊലി, കണ്ണ്, മുടി, കരൾ തുടങ്ങി വിവിധ അവയവങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എണ്ണകളിൽ ധാരാളമായി കാണപ്പെടുന്ന മോണോ അൺസാച്ചുറേറ്റഡ് - പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദവും മറ്റും മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും ഉത്തമമാണ്. ആരോഗ്യരംഗത്ത് സവിശേഷപ്രാധാന്യമുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കലവറയാണ് സസ്യഎണ്ണകൾ.

പലതരം മായം

പൊതുവേ വില കുറഞ്ഞതും ഗുണനിലവാരം കുറഞ്ഞതും കേടായതും ഉപയോഗയോഗ്യമല്ലാത്തതുമൊക്കെയായ എണ്ണകൾ നല്ല എണ്ണകളുമായി കലർത്തി വിൽക്കുന്നതാണ് സസ്യഎണ്ണകളുടെ മായത്തിലെ മുഖ്യ ഇനമെന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു. ഒപ്പം എണ്ണയുടെ അളവും രൂപഭാവങ്ങളും വർദ്ധിപ്പിക്കാനും ചീത്ത എണ്ണയെ നല്ല എണ്ണ എന്നു ഉപഭാക്താക്കൾ തെറ്റിദ്ധരിക്കുംവിധം മാറ്റാനുമുള്ള രാസപ്രക്രിയകളും ധാരാളം നടക്കുന്നുണ്ട്. ഇതിനായി ചേർക്കുന്ന കൃതിമ രാസപദാർത്ഥങ്ങൾ ഏല്ലാം ശരീരത്തിന് ഹാനികരമായവയാണ്. ഇതിനൊക്കെ പുറമെ, ഏറെ അപകടകരമായ പെട്രോളിയം ഉത്പന്നങ്ങളും എണ്ണകളിൽ ചേർത്ത് വിപണിയിൽ എത്തിക്കുന്നുണ്ട്. 
സസ്യഎണ്ണകൾ ഓരോന്നിനും ഓരോ രുചിയും നിറവും മണവും പ്രകൃതവുമൊക്കെയാണെന്നതിനാൽ ഓരോന്നിലേയും മായം ചേർക്കൽ രീതികൾ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ എണ്ണകൾ വാങ്ങുമ്പോൾ ശുദ്ധമായതുതന്നെ ലഭിക്കാൻ ഏറെ ശ്രദ്ധിക്കണം.

ഗുണത്തിനു പകരം ദോഷം

എണ്ണകൾ ശരീരത്തിനു നൽകുന്ന ഗുണങ്ങൾ നാം കണ്ടു. എന്നാൽ അതിൻ്റെ പല മടങ്ങ് ദോഷങ്ങളാണ് മായം ചേർന്ന എണ്ണകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുക. അകത്തേക്ക് കഴിച്ചാലും പുറത്ത് പുരട്ടിയാലും പുക ശ്വസിച്ചാലും ഒക്കെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയാണ് മായം കലർന്ന എണ്ണകൾ. ദഹനക്കേടും പനിയും വയറിളക്കവും ഛർദ്ദിയും മുതൽ കരൾ, വൃക്ക, ഹൃദയം, തലച്ചോർ, നാഡീവ്യൂഹം, പ്രത്യുത്പാദനവ്യവസ്ഥ, രക്തക്കുഴലുകൾ, തൊലി, കണ്ണ്, മുടി എന്നിവയുടെയൊക്കെ ആരോഗ്യത്തെ മോശം എണ്ണകളുടെ ഉപയോഗം ദോഷകരമായി ബാധിക്കും. ക്യാൻസർ, അൾഷിമേഴ്സ് പോലുള്ള രോഗങ്ങൾക്കുപോലും മിഷൻ എണ്ണയുടെ ഉപയോഗം കാരണമായേക്കാം. 

മായം എങ്ങനെ കണ്ടെത്താം?

ഓരോ എണ്ണകളിലും ഓരോ തരത്തിലാകാം മായം ചേർക്കൽ എന്നതിനാൽ ഓരോന്നിനും പ്രത്യേകം പ്രത്യേകം പരിശോധനകൾ ആവശ്യമാണ്. എണ്ണയിൽ മഞ്ഞ വെണ്ണ ചേർത്തും ഫ്രിഡ്ജിൽ വച്ച് കട്ടയാക്കിയും നിറവും മണവും രുചിയും പ്രകൃതവും സൂക്ഷ്മമായി നിരീക്ഷിച്ചും പല എണ്ണകളിലും മായം തിരിച്ചറിയാം. എന്നാൽ ചിലവയ്ക്ക് ശാസ്ത്രീയമായ ലബോറട്ടറി പരിശോധനകൾ തന്നെ വേണ്ടി വരും. രാസവസ്തുക്കൾ ചേർത്തുള്ള മായം മിക്കവാറും ലബോറട്ടറിയിലെ പരിശോധനയിൽ മാത്രമേ കൃത്യമായി കണ്ടെത്താൻ സാധിക്കൂ. ഓരോ തരം എണ്ണയിലും ആ എണ്ണയിൽ ശുദ്ധരൂപത്തിൽ ഉണ്ടാകേണ്ട ഘടകങ്ങൾ ഉണ്ടോ, എത്രമാത്രമുണ്ട്, അവയിൽ കാണാൻ പാടില്ലാത്ത ഘടകങ്ങൾ ഉണ്ടോ, അവ എത്രമാത്രമുണ്ട് എന്നിങ്ങനെ കണ്ടുപിടിക്കാൻ പ്രത്യേകം ശാസ്ത്രീയ പരിശോധനകളുണ്ട്. ഓരോ എണ്ണയും അത്തരം പരിശോധനകളിലൂടെ കടത്തിവിട്ടാൽ മായം കൃത്യമായി കണ്ടെത്താം. കൃത്രിമ കടുകെണ്ണ തിരിച്ചറിയാനുള്ള സോഡിയം അസൈഡ് ടെസ്റ്റ്, ലിൻസീഡ് ഓയിലിൻ്റെ ശുദ്ധത പരിശോധിക്കാനുള്ള ഹെക്സാബ്രോമൈഡ് ടെസ്റ്റ്, പരുത്തിക്കുരു എണ്ണയുഡി അനുപാതം കണ്ടെത്താനുള്ള ഹാൽഫെൻസ് ടെസ്റ്റ്, ആവണക്കെണ്ണയുടെ ഗാഢത അറിയാനുള്ള മോളിബ്‌ഡേറ്റ് ടെസ്റ്റ് തുടങ്ങിയവ അത്തരം പരിശോധനകളാണ്. ഓരോ എണ്ണയുടേയും ആസിഡ് വാല്യു, സ്പെസിഫിക് ഗ്രാവിറ്റി, റിഫ്രാക്ടീവ് ഇൻഡെക്സ്, ഫ്രീ ഫാറ്റി ആസിഡുകൾ എന്നിവ തിരിച്ചറിയാനുള്ള പരിശോധനകളും മായം കണ്ടെത്താൻ ഉപയോഗപ്രദമാണ്.