ഇന്ത്യയിൽ നിന്നു പുറപ്പെട്ട് ലോകം ചുറ്റി ഇന്ത്യയിൽ തന്നെ തിരിച്ചെത്തുന്ന ചരിത്രകഥയാണ് കോഴിയിറച്ചിക്കു പറയാനുള്ളത്. കാട്ടുകോഴികളിൽ നിന്നും വീട്ടുകോഴിയെന്ന ഇനം ഉരുത്തിരിഞ്ഞുവന്നത് 8000 വർഷങ്ങൾക്കുമുമ്പ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണത്രെ! സഹസ്രാബ്ധങ്ങൾ കഴിഞ്ഞ് 1923ൽ അമേരിക്കയിലാണ് ഇറച്ചിയാവശ്യത്തിനുമാത്രമായി സങ്കരയിനം കോഴികളെ കൂട്ടമായി വളർത്തിത്തുടങ്ങുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ ഇന്നുകാണുന്ന തരം ഇറച്ചിക്കോഴികളെ വികസിപ്പിക്കുന്നത് ഏതാണ്ട് അമ്പതുകൊല്ലത്തോളം മുൻപുമാത്രമാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഇറച്ചി ഉത്പാദിപ്പിക്കാനായി കൃത്രിമബീജസങ്കലനത്തിലൂടെ ഉണ്ടാക്കുന്ന സങ്കരയിനം കോഴികളാണ് ബ്രോയിലർ ചിക്കൻ അഥവാ ഇറച്ചിക്കോഴി എന്നറിയപ്പെടുന്നത്. നാടൻ കോഴികളുടെ ആരോഗ്യമോ ഗുണമോ പൊതുവേ ഇറച്ചിക്കോഴിക്കുണ്ടാകില്ലെങ്കിലും ഇറച്ചിക്കോഴി വ്യാപാരത്തിൽ ലാഭം വർദ്ധിപ്പിക്കാനായി മാരകമായ മായം ചേർക്കലുകൾ വ്യാപകമാണെന്ന് ഭക്ഷ്യഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ പറയുന്നു. 

സാധു ഇറച്ചി

റെഡ് മീറ്റിനെ - പോത്തും പോർക്കും ആടും മറ്റും - അപേക്ഷിച്ച് രൂക്ഷത കുറഞ്ഞ, അല്പം സാധുവായ ഇറച്ചിയാണ് വൈറ്റ് മീറ്റ് അഥവാ കോഴിയിറച്ചി. രണ്ടിനും രണ്ടുതരം ഗുണങ്ങളാണുള്ളത്. പോഷകസമ്പുഷ്ടമായ ആരോഗ്യപദാർത്ഥം എന്നതിനു പുറമെ പലതരം ഔഷധോപയോഗങ്ങൾക്കും കോഴിയിറച്ചി ഗുണകരമാണ്. ധാരാളം പ്രോട്ടീൻ അഥവാ മാംസ്യം അടങ്ങിയിട്ടുള്ള ഒന്നാണ് കോഴിയിറച്ചി. പേശികൾക്ക് ബലമേകുന്നതിന് ഇത് ഉത്തമമാണ്. ശരീരഭാരം കുറക്കാനായി ആഗ്രഹിക്കുന്നവർക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് കൊഴുപ്പു നീക്കിയ കോഴിയിറച്ചി. കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതു ലവണങ്ങളും ജീവകം B3, B5, B6 എന്നീ വിറ്റാമിനുകളും ട്രിപ്റ്റോഫാൻ പോലുള്ള അമിനോ ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും പൂരിതകൊഴുപ്പുകളുമൊക്കെ ചേർന്ന സമ്പുഷ്ടമായ ആഹാരമാണ് കോഴിയിറച്ചി. എല്ലുകൾക്ക് ആരോഗ്യമേകാനും സന്ധിവാതം തടയാനും ഹൃദയാഘാതം തടയാനും പ്രത്യുല്പാദനവ്യവസ്ഥയുടെ പുഷ്ടിക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറക്കാനും കോഴിയിറച്ചി സഹായിക്കും.

ദീർഘകാലത്തെ വളർച്ച കൊണ്ട് വേണ്ടത്ര തൂക്കവും ആരോഗ്യവും പോഷകങ്ങളും ആർജ്ജിക്കുന്ന നാടൻ കോഴികളുടെ ഇത്രയും ഗുണമൊന്നും ഇറച്ചിക്കോഴികളിൽ പ്രതീക്ഷിക്കേണ്ട. തുറന്ന അന്തരീക്ഷത്തിൽ നന്നയി കാറ്റും വെളിച്ചവുമേറ്റ് പതിയെ വളരുന്ന നാടൻ കോഴികളാണ്, കൂട്ടിലടച്ച് പ്രത്യേകം തയ്യാറാക്കുന്ന തീറ്റ മാത്രം കഴിച്ച് പെട്ടെന്ന് വളരുന്ന ഇറച്ചിക്കോഴികളേക്കാൾ ഉത്തമവും രുചികരവും. മാത്രമല്ല ഇറച്ചിക്കോഴികളുടെ കാലുകൾക്കും മറ്റും നാടൻ കോഴികളെ അപേക്ഷിച്ച് ബലം കുറവാണ്, പെട്ടെന്നുള്ള വളർച്ച മൂലം അവയുടെ ഹൃദയവും രക്തക്കുഴലുകളും വേഗം പ്രവർത്തനക്ഷമമല്ലാതാകാൻ സാധ്യതയുണ്ട്. അങ്ങിനെയൊക്കെയാണെങ്കിലും  ശാസ്ത്രീയമായി ശരിയായി വളർത്തുന്ന ബ്രോയിലർ ചിക്കൻ മിതമായ അളവിൽ നാടൻ കോഴിയിറച്ചിക്കു പകരമായി ഉപയോഗിക്കാം. ലഭ്യതയും വിലയും കൊണ്ട് ബ്രോയിലർ ചിക്കനാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

തീറ്റയും മരുന്നുകളും പ്രശ്നം

ഇറച്ചിക്കോഴി വളർത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും നിയമങ്ങളുമുണ്ട്. എന്നാൽ അതൊന്നും ലാഭക്കൊതിമൂത്ത ഫാമുകളിൽ പാലിക്കപ്പെടാത്തതാണ് ഇറച്ചിക്കോഴികളിലെ അപായകരമായ മായത്തിനിടയാക്കുന്നതെന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ പറയുന്നു. രാസമായം എന്നതിലുപരി മെഡിക്കൽ മായമാണ് ഇറച്ചിക്കോഴി രംഗത്തുള്ളത്. ബ്രോയിലർ ചിക്കനുകളിൽ ഹോർമോൺ കുത്തിവെയ്പ്പുകൾ എടുക്കുന്നത് നിയമവിരുദ്ധമാണെങ്കിലും പെട്ടെന്നുള്ള വളർച്ചക്കും കൂടുതൽ തൂക്കത്തിനും പല ഫാമുകളും അനധികൃതമായി ഇതു ചെയ്യുന്നുണ്ട്. ചെറിയ ജീവിതകാലയളവിലും അങ്ങേയറ്റം നിയന്ത്രിതമായ ചുറ്റുപാടിലും സ്വാഭാവിക രോഗപ്രതിരോധശേഷി കൈവരിക്കൽ ഇവയ്ക്ക് അസാധ്യമായതിനാൽ രോഗപ്രതിരോധ കുത്തിവയ്പുകൾ അനുവദനീയമാണ്. എന്നാൽ കുത്തിവയ്പെടുത്ത് നിശ്ചിത ദിവസങ്ങൾക്കുശേഷമേ വിൽക്കാവൂ എന്ന വ്യവസ്ഥ പലപ്പോഴും പാലിക്കപ്പെടില്ല. മാത്രമല്ല, ഇത്തരം ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് പലപ്പോഴും അനിയന്ത്രിതമായ അളവിലും ആയിരിക്കും. ആൻ്റിബയോട്ടിക്കുകളും ഹോർമോണുകളും സ്ഥിരമായും അനിയന്ത്രിതമായും ഇഞ്ചക്ഷനായും തീറ്റയിൽ ചേർത്തും നൽകുന്ന ഇറച്ചിക്കോഴികളാണ് നമ്മുടെ മാർക്കറ്റിൽ എത്തുന്നവയിൽ നല്ലൊരു പങ്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല ലാഭം നോക്കി വില കുറഞ്ഞതും ഗുണനിലവാരം നിഷ്കർഷിക്കാത്തതുമായ തീറ്റകൾ നൽകുന്നതിലൂടെ കാഡ്മിയം, കറുത്തീയം, ക്രോമിയം തുടങ്ങിയ ഹെവി മെറ്റൽസിൻ്റെ അംശം മാരകമായ അളവിൽ ഇങ്ങനെ വരുന്ന ഇറച്ചിക്കോഴികളിൽ കണ്ടെത്തിയിട്ടുണ്ട്. എന്തായാലും വൃത്തിയില്ലാത്ത ഫാമും അനാരോഗ്യകരമായ തീറ്റയും അനിയന്ത്രിതമായ മരുന്നുകളും ഹോർമോണുകളും ബ്രോയിലർ ചിക്കനെ ഏറെ അപകടകരമായ ഒരു ഭക്ഷ്യോത്പന്നമാക്കുന്നു. കോഴിയായി നേരിട്ട് വാങ്ങുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ഇറച്ചിയായി വാങ്ങുമ്പോൾ അത് പതിന്മടങ്ങാണ്. ചീഞ്ഞതും രോഗം ബാധിച്ചതും കേടായതുമൊക്കെ രാസവസ്തുക്കളിൽ കുളിച്ച് സുന്ദരമായി നമ്മുടെ അടുക്കളയിലെത്തും.

മറുമരുന്നില്ലാത്ത വിഷം

കോഴിക്ക് തീറ്റയായും ഇഞ്ചക്ഷനായും ഒക്കെ നൽകുന്ന ആൻ്റിബയോട്ടിക് മരുന്നുകളും ഹോർമോണുകളും മനുഷ്യശരീരത്തിൽ ഹോർമോൺ അസന്തുലനത്തിനും രോഗപ്രതിരോധശേഷി തകർക്കുന്നതിനും കാരണമാകും. അനിയന്ത്രിതമായ കോശവളർച്ചക്കും ആന്തരിക പ്രവർത്തനങ്ങൾ താളം തെറ്റുന്നതിനും മാനസിക സമ്മർദ്ദത്തിനുമൊക്കെ ഇങ്ങനെ കോഴിയിറച്ചിയിലൂടെ ശരീരത്തിലെത്തുന്ന ഹോർമോണുകൾ കാരണമാകുന്നു. ആൻ്റിബയോട്ടിക്കുകളാകട്ടെ ശരീരത്തിലെ ഉപകാരികളായ സൂക്ഷ്മജീവികളെ കൊന്നൊടുക്കി ശരീരത്തെ രോഗങ്ങളുടെ കലവറയാക്കി മാറ്റുന്നു. രോഗം മാറാൻ സാധാരണയിലും പതിന്മടങ്ങ് മരുന്നു കഴിക്കേണ്ടിവരും പിന്നെ. അത് ശരീരത്തെ വീണ്ടും ക്ഷയിപ്പിക്കും. ഇങ്ങനെ മരുന്നുകളും ഹോർമോണുകളും കലർന്ന മാംസാവശിഷ്ടങ്ങൾ മണ്ണിൽ ഉപേക്ഷിക്കുമ്പോൾ അത് മണ്ണിനേയും ജലസ്രോതസ്സുകലേയ്ഉം കൂടി വിഷമയമായി മാറ്റുകയും ചെയ്യുന്നു.

മുൻകരുതലാണ് പ്രധാനം

കോഴിയിറച്ചിയിലെ ആൻ്റിബയോട്ടിക്കുകളും ഹോർമോണുകളും വേർതിരിച്ചെടുക്കുക ഏറെ പ്രയാസമേറിയ ഒന്നാണ്. സാധാരണ തിരിച്ചറിയാൻ മാർഗ്ഗമൊന്നുമില്ല. അമിതമായ തൂക്കമോ തീർത്തും ആരോഗ്യമില്ലാത്ത ലക്ഷണമോ ഒക്കെ ശ്രദ്ധയിൽ പെട്ടാൽ അവയെ ഒഴിവാക്കാം എന്നു മാത്രം. ഇറച്ചിക്കോഴികൾക്ക് ആൻ്റിബയോട്ടിക് നൽകുന്നതിൻ്റെ അളവിൽ പ്രത്യേക നിഷ്കർഷയോ അമിതമായി നൽകിയാൽ പരിശോധിക്കാനുള്ള സംവിധാനമോ ഇല്ലാത്തതിനാൽ മായം ചേർക്കലുകാർ പിടിക്കപ്പെടുന്നത് അപൂർവ്വമാണ്. മാത്രമല്ല കോഴിയെ വാങ്ങി ലബോറട്ടറിയിലെ സങ്കീർണ്ണപരിശോധനകൾക്കു ശേഷം ഉപയോഗിക്കുക എന്നത് അപ്രായോഗികമാണ്. കോഴിക്കടകളിൽ ഏതു ഫാമിൽ നിന്ന് എന്നറിയാൻ മാർഗ്ഗമൊന്നുമില്ലാത്തതിനാലും ഇറച്ചിക്കോഴികൾക്ക് ബ്രാൻ്റുകളൊന്നും ഇല്ലാത്തതിനാലും ഒരു കോഴിയിൽ മായം കണ്ടെത്തിയാൽ പിന്നെ ഏതൊക്കെ ഒഴിവാക്കാം എന്നും തിരിച്ചറിയാൻ പറ്റില്ല. അതുകൊണ്ടൊക്കെ   വിശ്വസിക്കാവുന്ന ഫാമുകളെ നേരിട്ട് ആശ്രയിക്കുയേ ഈ രംഗത്ത് ആരോഗ്യകരമായ മാർഗ്ഗമുള്ളൂ.