നമ്മുടെ വീടുകളില്‍ പണ്ടുകാലം മുതല്‍ക്കേ ഉള്ള ശീലമായിരുന്നു തിളപ്പിച്ച ജീരകവെള്ളം കുടിക്കുന്നത്. ദാഹശമനിയായും കുടിക്കാനുമായി നല്‍കിയിരുന്നത് ഈ വെള്ളമാണ്. എന്നാല്‍ കാലക്രമേണ ജീരകവെള്ളം ഉപയോഗിക്കുന്നത് കുറഞ്ഞുവന്നു. 

നമ്മുടെ വീടുകളില്‍ പണ്ടുകാലം മുതല്‍ക്കേ ഉള്ള ശീലമായിരുന്നു തിളപ്പിച്ച ജീരകവെള്ളം കുടിക്കുന്നത്. ദാഹശമനിയായും കുടിക്കാനുമായി നല്‍കിയിരുന്നത് ഈ വെള്ളമാണ്. എന്നാല്‍ കാലക്രമേണ ജീരകവെള്ളം ഉപയോഗിക്കുന്നത് കുറഞ്ഞുവന്നു. പതിമുഖം ഉള്‍പ്പടെയുള്ള വിവിധ ബ്രാന്‍ഡുകളിലുള്ള ദഹശമിനികള്‍ ഇപ്പോള്‍ വിപണിയില്‍ വ്യാപകമാണ്. എന്നാല്‍ ജീരകവെള്ളത്തിന്റെ ഗുണം മറ്റൊന്നിനുമില്ല. ഇവിടെയിതാ, ജീരകവെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഭക്ഷണത്തിനൊപ്പം ജീരകവെളളം കുടിക്കുന്നത് ദഹനം അനായാസമാക്കും. ദഹനപ്രശ്‌നമുള്ളവരും ഇടയ്‌ക്കിടെ ജീരകവെള്ളം കുടിക്കുന്നത് ഏറെ ഉത്തമമാണ്.

രണ്ട്...

നീര്‍ജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം. ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്‌ക്ക് ഇടയ്‌ക്കിടെ ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം.

മൂന്ന്...

ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

നാല്...

ഇരുമ്പിന്‍റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഈ പ്രശ്‌നത്തിന് ഒരളവ് വരെ പരിഹാരം കാണാന്‍ ജീരകവെള്ളത്തിന് സാധിക്കും.

അഞ്ച്...

ജീരകത്തില്‍ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞുവല്ലോ, ഈ പൊട്ടാസ്യം ശരീരത്തിലെ ഇലക്ട്രോലൈറ്റ തുലനം നിലനിര്‍ത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.

ആറ്...

 ജീരകവെള്ളം ശീലമാക്കുന്നത് ശരീരഭാരവും വണ്ണവും കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ നല്ലതാണ്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു.

ഏഴ്...

ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്‍റെ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. മുഖക്കുരു, കറുത്തപാടുകള്‍, കരുവാളിപ്പ് എന്നിവ ഒഴിവാക്കി ചര്‍മ്മം മൃദുലവും മിനുസവുമുള്ളതാക്കി മാറ്റാന്‍ ജീരകവെള്ളം കുടി സഹായിക്കും.