പ്രമേഹരോഗികള്‍ പതിവായി കഴിക്കേണ്ട ഒരു പച്ചക്കറിയെ കുറിച്ചാണിനി പറയുന്നത്. പാലക് ചീര ദിവസവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഒരു ഇലക്കറിയാണ് പാലക് ചീര.

പ്രമേഹം എന്നത് ഒരു ജീവിതശൈലി രോഗമാണ്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ പ്രമേഹ രോഗികളുടെ ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ടതാണ്. 

പ്രമേഹരോഗികള്‍ പതിവായി കഴിക്കേണ്ട ഒരു പച്ചക്കറിയെ കുറിച്ചാണിനി പറയുന്നത്. പാലക് ചീര ദിവസവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഒരു ഇലക്കറിയാണ് പാലക് ചീര. ചീരയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. 20 താഴെയായതിനാല്‍ പാലക് ചീര പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയില്ല. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ കഴിക്കാം. ഫൈബറിനാല്‍ സമ്പന്നമാണ് പാലക് ചീര. ഇവയില്‍ വെള്ളവും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയാനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാലക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

പോഷകങ്ങളുടെ കലവറുയുമാണ് ഇവ. വിറ്റാമിനുകളായ എ, സി, കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്. കൂടാതെ ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് പാലക് ചീര. അയേണ്‍ ധാരാളം അടങ്ങിയ പാലക് ചീര വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. കാത്സ്യം, വിറ്റമിൻ കെ, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക് ചീര എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ സഹായിക്കും. നാരുകള്‍ അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും അതുപോലെ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പതിവായി കഴിക്കാം ഈ അഞ്ച് പഴങ്ങള്‍...

youtubevideo