ദീപാവലിക്കാലത്ത് എപ്പോഴും 'ഡിമാന്‍ഡ്' പടക്കങ്ങള്‍ക്കാണ്. അത് കഴിഞ്ഞാല്‍പ്പിന്നെ മധുരപലഹാരങ്ങള്‍ക്കാണ് പ്രാധാന്യം. ഇക്കുറി ദീപാവലിക്ക് പക്ഷേ, പലയിടങ്ങളിലും പടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മധുരത്തിന്റെ കാര്യത്തില്‍ അത്തരത്തിലുള്ള നിയന്ത്രണങ്ങളുടെ കാര്യമില്ലല്ലോ. 

ഇപ്പോഴിതാ പടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കാഴ്ചയ്ക്ക് പടക്കങ്ങള്‍ പോലുള്ള ചോക്ലേറ്റുകള്‍ പരിചയപ്പെടുത്തുകയാണ് ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വീറ്റ് ഷോപ്പ്. 

മത്താപ്പും, കമ്പിത്തിരിയും തൊട്ട് അമിട്ട് വരെയുള്ള പടക്കങ്ങളുടെ ആകൃതിയിലാണ് ചോക്ലേറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്നൊരു കാഴ്ച കൂടിയാണിത്. കുട്ടികളെ തന്നെയാണ് ഇവര്‍ ഏറെയും ലക്ഷ്യമിടുന്നത്. 

 

 

പ്രിയ ജെയ്ന്‍ എന്ന യുവതിയാണ് ഈ പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. അപകടകരമായ പടക്കങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള അവബോധം കൂടിയാണ് താന്‍ നിര്‍മ്മിച്ചിരിക്കുന്ന ചോക്ലേറ്റുകള്‍ എന്നാണ് പ്രിയ ജെയ്ന്‍ പറയുന്നത്. 

ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് നല്ല രീതിയിലുള്ള പ്രതികരണമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു. പുതുമയുള്ള ചോക്ലേറ്റുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും വ്യാപകമായ ശ്രദ്ധ നേടിയിട്ടുണ്ട്.