പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

സിട്രസ് പഴങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. സിട്രസ് പഴങ്ങളില്‍ ആരോഗ്യകരമായ ഫൈബറുകളും പൊട്ടാസ്യവും ഫോളേറ്റും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

രണ്ട്...

ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചീര പോലെയുള്ള ഇലക്കറികള്‍ പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണ്. ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ചീര ഫാറ്റ് കുറയ്ക്കാനും സഹായിക്കും.

മൂന്ന്...

ബാര്‍ലി, ഓട്സ് പോലുള്ള മുഴു ധാന്യങ്ങള്‍ കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. പെട്ടെന്ന് ദഹിക്കുന്ന ഫൈബറുകള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

നാല്...

ഉലുവയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി എരിച്ചു കളയുവാനും സഹായിക്കും. 

അഞ്ച്...

മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ആറ്...

നമ്മള്‍ ഇന്ത്യക്കാരുടെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: പതിവായി പാലക് ചീര കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം