സാധാരണഗതിയില്‍ നമ്മള്‍ കഴിക്കുന്നത് 'സ്വീറ്റ് ബദാം' ആണ്. ഇതുണ്ടാകുന്ന മരത്തില്‍ നിന്ന് വ്യത്യസ്തമാണ്, 'ബിറ്റര്‍ ബദാം' എന്നറിയപ്പെടുന്ന ബദാം ഉണ്ടാകുന്ന മരം. രണ്ടും രണ്ടിനത്തില്‍പ്പെട്ടതാണെന്ന് പറയാം. ആദ്യത്തേത്, അതായത് 'സ്വീറ്റ് ബദാം' ആണ് ആരോഗ്യം മെച്ചപ്പെടുത്താന്‍ വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാല്‍ രണ്ടാമതായി പറഞ്ഞ 'ബിറ്റര്‍ ബദാം' കഴിക്കുന്നത് അത്ര പന്തിയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത് 

മിക്കപ്പോഴും ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം പറയാന്‍ സാധ്യതയുള്ള ഒന്നാണ് ബദാമിന്റെ ഗുണങ്ങള്‍. തീര്‍ച്ചയായും നിരവധി ഗുണങ്ങളുള്ള ഒന്ന് തന്നെയാണ് ബദാം. എന്നാല്‍ പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് മാത്രമല്ല വലിയ ദോഷങ്ങളുള്ള ഇനം ബദാമും ഉണ്ട്. ഇക്കാര്യം നിങ്ങള്‍ക്കറിയാമോ?

സാധാരണഗതിയില്‍ നമ്മള്‍ കഴിക്കുന്നത് 'സ്വീറ്റ് ബദാം' ആണ്. ഇതുണ്ടാകുന്ന മരത്തില്‍ നിന്ന് വ്യത്യസ്തമാണ്, 'ബിറ്റര്‍ ബദാം' എന്നറിയപ്പെടുന്ന ബദാം ഉണ്ടാകുന്ന മരം. രണ്ടും രണ്ടിനത്തില്‍പ്പെട്ടതാണെന്ന് പറയാം. ആദ്യത്തേത്, അതായത് 'സ്വീറ്റ് ബദാം' ആണ് ആരോഗ്യം മെച്ചപ്പെടുത്താന്‍ വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നത്. 

എന്നാല്‍ രണ്ടാമതായി പറഞ്ഞ 'ബിറ്റര്‍ ബദാം' കഴിക്കുന്നത് അത്ര പന്തിയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതില്‍ 'ഹൈഡ്രോസയനിക് ആസിഡ്' എന്ന മാരകമായ ഒരു പദാര്‍ത്ഥം അടങ്ങിയിട്ടുണ്ടത്രേ. ശരീരത്തിലെത്തിയാല്‍ ക്ഷീണം, ശ്വാസതടസം മുതല്‍ മരണം വരെ സംഭവിക്കാന്‍ ഇത് ഇടയാക്കുമത്രേ. 

ഹൈഡ്രജന്‍ സയനൈഡും വെള്ളവും കലര്‍ന്ന ലായനിയാണ് ഹൈഡ്രോസയനിക് ആസിഡ്. ഇത് ശരീരത്തിലെത്തിയ ഉടന്‍ രക്തത്തില്‍ കലരുകയും, കോശങ്ങള്‍ക്ക് ഓക്‌സിജന്‍ കിട്ടാതെ വരികയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നു. അതിനാല്‍ത്തന്നെ, 'ബിറ്റര്‍ ബദാം' കഴിക്കുന്നത് മൂലം മരണപ്പെടുന്ന ഒരാള്‍ മിക്കവാറും ശ്വാസതടസം നേരിട്ടാണ് മരണത്തിലേക്കെത്തുക. 

'ബിറ്റര്‍ ബദാം' കഴിച്ചയുടന്‍ ഒരു വ്യക്തി മരണമപ്പെടണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ഇതിന്റെ അളവിലുള്ള പരിധി കഴിഞ്ഞാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ മരണം വരെയാകാം എന്നതാണ് ഉദ്ദേശിക്കുന്നത്. 

പലയിടങ്ങളിലും 'ബിറ്റര്‍ ബദാം' വിപണിയില്‍ നിന്ന് വിലക്കിയിട്ടുണ്ട്. അതേസമയം പല മരുന്നുകളുടെ ഉത്പാദനത്തിനും ചില ഭക്ഷണസാധനങ്ങളുടെ ഉത്പാദനത്തിനും 'ബിറ്റര്‍ ബദാം' ഉപയോഗിക്കപ്പെടുന്നുമുണ്ട്. സംസ്‌കരിച്ചെടുക്കുമ്പോള്‍ ഇതിലെ വിഷാംശം ഇല്ലാതാകുന്നുവെന്നാണ് ഇതിന് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിശദീകരണം. എന്തായാലും 'റോ' ആയി 'ബിറ്റര്‍ ബദാം' കഴിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്ന് തന്നെയാണ് മിക്കവാറും റിപ്പോര്‍ട്ടുകളും പഠനങ്ങളും അവകാശപ്പെടുന്നത്.