Asianet News MalayalamAsianet News Malayalam

Viral Video : 'കറുത്ത ഇഡ്ഡലി'; വൈറലായി ഒരു 'ഫുഡ് വീഡിയോ'

കറുത്ത മാവ്, ഇഡ്ഡലിത്തട്ടിലേക്ക് പകര്‍ന്ന്, അത് വേവിച്ചെടുത്ത ശേഷം മസാലയും മറ്റ് ചേര്‍ത്ത്, ചട്ണിയോടൊപ്പം ചൂടോടെ വിളമ്പുന്നതാണ് വീഡിയോയിലുള്ളത്. ഇഡ്ഡലിയില്‍ ഇങ്ങനെയൊരു പരീക്ഷണം വേണ്ടിയിരുന്നില്ലെന്നതാണ് മിക്കവരുടെയും അഭിപ്രായം

black idli experiment goes viral in social media
Author
Nagpur, First Published Dec 15, 2021, 8:47 PM IST

ഓരോ ദിവസവും വ്യത്യസ്തങ്ങളായതും പുതുമ നിറഞ്ഞതുമായ എത്രയോ തരം വീഡിയോകളാണ് ( Viral Video ) നാം സോഷ്യല്‍ മീഡിയയിലൂടെയും ( Social Media ) മറ്റും കാണാറ്. ഇവയില്‍ തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണ് കാഴ്ചക്കാരേറെയും. 

ആദ്യമെല്ലാം വിവിധ വിഭവങ്ങളുടെ റെസിപ്പിയും, ഇത് ലഭിക്കുന്ന സ്ഥലങ്ങളുമെല്ലാം അറിയാം എന്ന നിലയ്ക്കാണ് മിക്കവരും 'ഫുഡ് വീഡിയോ'കള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സാഹചര്യമെല്ലാം മാറി. ഭക്ഷണത്തിലെ പരീക്ഷണങ്ങളാണ് ഇപ്പോള്‍ 'ട്രെന്‍ഡ്'.

കൊവിഡ് കാലത്തെ ലോക്ഡൗണ്‍ കൂടിയായപ്പോള്‍ ഇത്തരത്തിലുള്ള പാചക പരീക്ഷണവീഡിയോകളുടെ കുത്തൊഴുക്കായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. ലോക്ഡൗണെല്ലാം മാറി, നിയന്ത്രണങ്ങള്‍ നീക്കം ചെയ്തുതുടങ്ങിയത് മുതല്‍ അധിക വീഡിയോകളും വരുന്നത് തെരുവില്‍ ലഭിക്കുന്ന തനത് രുചിഭേദകളെ കുറിച്ചാണ്. 

'സ്ട്രീറ്റ് ഫുഡി'നോട് മമതയില്ലാത്ത ഭക്ഷണപ്രേമികള്‍ കാണില്ല. അതുകൊണ്ട് തന്നെ ഇങ്ങനെ സ്ട്രീറ്റ് ഫുഡുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകള്‍ക്കെല്ലാം വമ്പന്‍ വരവേല്‍പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുള്ളത്. കാര്യങ്ങളിങ്ങനെയാണെങ്കിലും ചില ഭക്ഷണ പരീക്ഷണങ്ങള്‍ ഭക്ഷണപ്രേമികള്‍ അടിമുടി എതിര്‍ക്കാറുണ്ട്. ഈ വിഭാഗത്തില്‍ പെടുന്ന വീഡിയോകളാണെങ്കില്‍ അല്‍പം 'പ്രശസ്തി' കൂടുമെന്നത് വേറെ കാര്യം. 

എന്തായാലും അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നമ്മള്‍ നിത്യം കഴിക്കുന്ന വിഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇഡ്ഡലി. കാര്യമായ പരീക്ഷണങ്ങളൊന്നും തന്നെ ഇഡ്ഡലിയില്‍ ആരും നടത്താറുമില്ല. എന്നാലിതാ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ ഇഡ്ഡലിയില്‍ നടത്തിയ പരീക്ഷണം നോക്കൂ. 

 

 

കറുത്ത ഇഡ്ഡലിയാണ് ഇവര്‍ ഇവിടെ നല്‍കുന്നത്. പല ആരോഗ്യഗുണങ്ങളും ഉണ്ടെന്നാണ് അവകാശവാദം. നാഗ്പൂരിലുള്ള ഒരു കടയാണിതത്രേ. ഫുഡ് ബ്ലോഗേഴ്‌സാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ കന്നെ സംഗതി 'ക്ലിക്ക്' ആയി. പക്ഷേ മിക്കവരും ഈ പരീക്ഷണത്തെ ആവുംപോലെ എതിര്‍ക്കുകയാണെന്ന് മാത്രം. 

കറുത്ത മാവ്, ഇഡ്ഡലിത്തട്ടിലേക്ക് പകര്‍ന്ന്, അത് വേവിച്ചെടുത്ത ശേഷം മസാലയും മറ്റ് ചേര്‍ത്ത്, ചട്ണിയോടൊപ്പം ചൂടോടെ വിളമ്പുന്നതാണ് വീഡിയോയിലുള്ളത്. ഇഡ്ഡലിയില്‍ ഇങ്ങനെയൊരു പരീക്ഷണം വേണ്ടിയിരുന്നില്ലെന്നതാണ് മിക്കവരുടെയും അഭിപ്രായം. വളരെ ചുരുക്കം പേരാണ് ഇതൊന്ന് രുചിച്ച് നോക്കാനുള്ള ആഗ്രഹം വരെ പ്രകടിപ്പിച്ചത്. എന്തായാലും ലക്ഷത്തിനടത്തും ലൈക്കും ആയിരക്കണക്കിന് കമന്റുകളുമായി വീഡിയോ ഓട്ടം തുടരുക തന്നെയാണ്. 

Also Read:- മണ്‍ഗ്ലാസില്‍ തയ്യാറാക്കുന്ന മോമോസ്; ചോദ്യവുമായി സൈബര്‍ ലോകം

Follow Us:
Download App:
  • android
  • ios