ഒരു വീട്ടില്‍ ഏറ്റവുമധികം ചെലവുള്ള സാധനങ്ങളില്‍ ഒന്നായി വേണമെങ്കില്‍ നമുക്ക് 'കുക്കിംഗ് ഓയില്‍'നെ പരിഗണിക്കാം. ദിവസവും അടുക്കളയില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ചേരുവയാണിത്. കറികളാണെങ്കിലും, പലഹാരങ്ങളാണെങ്കിലും, സലാഡ് പോലുള്ള ലഘുഭക്ഷണങ്ങളാണെങ്കില്‍ പോലും എണ്ണ നിര്‍ബന്ധമാണ്. 

അത്രയും അവിഭാജ്യമായ ഒരു ഘടകമാണെന്നതിനാല്‍ തന്നെ, അതിനുള്ള പ്രാധാന്യവും അത്രയും വലുതായിരിക്കും. അതായത്, ദിവസവും നമ്മള്‍ അകത്താക്കുന്ന ഒരു ചേരുവയാണ്, ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇത് കാരണമാകുമെങ്കില്‍ അതും ശ്രദ്ധിക്കണമല്ലോ!

അങ്ങനെയാണ് വെളിച്ചെണ്ണയെ ചൊല്ലി ഇടയ്ക്കിടെ ഉണ്ടാകുന്ന വിവാദങ്ങളില്‍ നമ്മള്‍ മലയാളികള്‍ ചെന്നുവീഴുന്നത്. എന്നാല്‍ വെളിച്ചെണ്ണ വിവാദങ്ങളില്‍ കേള്‍ക്കും പോലെ, അത്രമാത്രം കുഴപ്പക്കാരനല്ലെന്ന് തന്നെയാണ് പല പഠനങ്ങളും തെളിയിക്കുന്നത്. ഇനി, വീട്ടില്‍ ഉപയോഗിക്കാന്‍ കൊള്ളാവുന്ന ചില 'കുക്കിംഗ് ഓയില്‍'കള്‍ ഏതെല്ലാമാണെന്ന് ഒന്ന് നോക്കാം. 

ഒന്ന്...

ഒലിവ് ഓയിലാണ് ഈ പട്ടികയില്‍ ഒന്നാമതായി പരാമര്‍ശിക്കപ്പെടാന്‍ ഏറ്റവും യോഗ്യതയുള്ള ഒന്ന്. 

ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല, ശരീരത്തിന് പലതരം ഗുണങ്ങള്‍ നല്‍കാന്‍ കൂടി കഴിവുള്ള എണ്ണയാണ് ഒലിവ് ഓയില്‍. ഇതിലടങ്ങിയിരിക്കുന്ന 'പോളിഫിനോള്‍സ്' ക്യാന്‍സറിനെയും ഹൃദ്രോഗങ്ങളേയും ചെറുക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതുപോലെ വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവരാണെങ്കില്‍ തീര്‍ച്ചയായും 'കുക്കിംഗ് ഓയില്‍' ഒലിവ് ഓയില്‍ ആക്കുന്നതാണ് ഉത്തമം. 

രണ്ട്...

ഇനി നമ്മുടെ സ്വന്തം വെളിച്ചെണ്ണ. ആദ്യം സൂചിപ്പിച്ചത് പോലെ വെളിച്ചെണ്ണ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന തരത്തില്‍ പല പ്രചരണങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതിലൊന്നും വലിയ കഴമ്പില്ലെന്നാണ് പല പഠനങ്ങളും പിന്നീട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നിരിക്കിലും വ്യാപകമായി മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയില്‍ ഇടയ്ക്കിടെ പിടിക്കപ്പെടുന്നത് ആശങ്കാജനകം തന്നെയാണ്. 


എന്നാല്‍, ജൈവികമായി വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധാഭിപ്രായം. പെട്ടെന്ന് ദഹിച്ചുപോകാന്‍ കഴിവുള്ള എണ്ണയാണിത്. അത്രമാത്രം കൊഴുപ്പ് ശരീരത്തിലടിച്ചേല്‍പിക്കാനും ഇത് മെനക്കെടാറില്ല. ഇതിനെല്ലാം പുറമെ, ചര്‍മ്മത്തിനും മുടിക്കും വളരെ നല്ലതാണ് വെളിച്ചെണ്ണ. 

മൂന്ന്...

വെജിറ്റബിള്‍ ഓയിലും വലിയ പരിധി വരെ പാചകത്തിന് സുരക്ഷിതം തന്നെയാണ്. സൂര്യകാന്തി, നിലക്കടല, ചോളം, കടുക്, സോയാബീന്‍- തുടങ്ങിയവയില്‍ നിന്നെല്ലാമാണ് സാധാരണഗതിയില്‍ വെജിറ്റബിള്‍ ഓയില്‍ ഉത്പാദിപ്പിക്കുന്നത്. 


ഇവയെല്ലാം പ്രകൃതിദത്തമായതിനാല്‍ തന്നെ, വലിയ ആശങ്കകള്‍ക്ക് സ്ഥാനമില്ല. എങ്കിലും അമിതമായ അളവില്‍ ഇവ ഉപയോഗിക്കുന്നത് അത്രമാത്രം ആരോഗ്യകരമല്ലതാനും. 

നാല്...

റൈസ് ബ്രാന്‍ ഓയിലും മോശമല്ലാത്ത 'കുക്കിംഗ് ഓയില്‍' ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള 'ഓറിസനോള്‍' എന്ന ഘടകം ഉള്‍ക്കൊള്ളുന്നതിനാല്‍ റൈസ് ബ്രാന്‍ ആരോഗ്യകരമാണെന്ന് പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റായ പൂജ മല്‍ഹോത്ര പറയുന്നു. 

ഏത് എണ്ണയായാലും പാചകത്തിന് അമിതമായ അളവില്‍ ഇവ, ഉപയോഗിക്കുന്നത് ആരോഗ്യകരമല്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ തന്നെ, ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും അപകടമെന്നാണ് ഇവര്‍ പറയുന്നത്. പെട്ടെന്ന് ചൂടാകുന്ന എണ്ണകള്‍ സലാഡിലും മറ്റും ഉപയോഗിക്കുന്നതാണ് ഉത്തമമെന്നും, വെളിച്ചെണ്ണ പോലെ, സമയമെടുത്ത് ചൂടാകുന്നവ കറികള്‍ പോലുള്ള വിഭവങ്ങള്‍ക്ക് അനുയോജ്യമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.