Asianet News MalayalamAsianet News Malayalam

Cooking Chicken : ചിക്കൻ വാങ്ങിക്കുമ്പോഴും തയ്യാറാക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ...

ചിക്കന്‍ തയ്യാറാക്കുമ്പോള്‍ അത് രുചികരമായി, പാകത്തിന് വെന്ത് കിട്ടാന്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം തന്നെ ചിക്കന്‍ കൈകാര്യം ചെയ്യുന്നതിലും ചിലത് ശ്രദ്ധിക്കാനുണ്ട്. അത്തരത്തില്‍ ചിക്കന്‍ തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടേക്കാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

cooking tips to make good chicken
Author
Trivandrum, First Published Jul 1, 2022, 9:55 PM IST

പാചകമെന്നത് നിസാരമായ ജോലിയാണെന്ന രീതിയില്‍ പലരും പറയുന്നത് കേള്‍ക്കാം. എന്നാല്‍ പാചകം  ഒരിക്കലും നിസാരമായ ജോലിയല്ല. കായികമായ അധ്വാനത്തിന് പുറമെ ധാരാളം ശ്രദ്ധയും കരുതലും ക്ഷമയും വേണ്ടൊരു ജോലിയാണ് ( Cooking Tips ) പാചകം.

ഓരോ ഭക്ഷണവും തയ്യാറാക്കുന്നതിന് അതിന്‍റേതായ രീതികളുണ്ട്. നോണ്‍- വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണെങ്കില്‍ തീര്‍ച്ചയായും അതിന് ജോലിഭാരം അല്‍പം കൂടുതല്‍ തന്നെയാണ്. മിക്കവരും വ്യാപകമായി കഴിക്കുന്നൊരു നോണ്‍ വെജിറ്റേറിയന്‍ ഡിഷ് ആണ് ചിക്കന്‍. 

ചിക്കന്‍ തയ്യാറാക്കുമ്പോള്‍ അത് രുചികരമായി, പാകത്തിന് വെന്ത് കിട്ടാന്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് ( Cooking Chicken). ഒപ്പം തന്നെ ചിക്കന്‍ കൈകാര്യം ചെയ്യുന്നതിലും ചിലത് ശ്രദ്ധിക്കാനുണ്ട്. അത്തരത്തില്‍ ചിക്കന്‍ തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടേക്കാവുന്ന ചില കാര്യങ്ങളാണിനി ( Cooking Tips ) പങ്കുവയ്ക്കുന്നത്. 

ഒന്ന്...

കഴിയുന്നതും ഫ്രോസണ്‍ ചിക്കന്‍ വാങ്ങിക്കാതെ ഫ്രഷ് ചിക്കന്‍ തന്നെ വാങ്ങിക്കാൻ ശ്രദ്ധിക്കുക. ഫ്രോസണ്‍ ചിക്കന്‍ ആകുമ്പോള്‍ അത് ഡ്രൈ ആയിരിക്കാന്‍ സാധ്യതയുണ്ട്. ചിക്കന്‍ ജ്യൂസിയായി ലഭിക്കാൻ ഫ്രഷ് ചിക്കൻ തെര‍ഞ്ഞെടുക്കുക. 

രണ്ട്...

ചിലര്‍ എല്ല് ഒഴിവാക്കി ചിക്കൻ തെരഞ്ഞെടുക്കാറുണ്ട്. ഇതിന് പക്ഷേ രുചി കുറവായിരിക്കും. ചിക്കന്‍ ജ്യൂസിയായിരിക്കാനും എല്ലുള്ള ഭാഗങ്ങള്‍ തന്നെയാണ് നല്ലത്. അതിനാല്‍ ചിക്കന്‍ സോഫ്റ്റായും ജ്യൂസിയായും ലഭിക്കണമെന്നുള്ളവര്‍ എല്ലൊഴിവാക്കി ചിക്കൻ വാങ്ങിക്കാതിരിക്കുക. 

മൂന്ന്...

ചിക്കൻ വൃത്തിയാക്കുമ്പോള്‍ അത് പരമാവധി ചെറിയൊരിടത്ത് തന്നെ ഒതുക്കുക. ഇതിനുപയോഗിക്കുന്ന പാത്രങ്ങള്‍, കത്തി, കട്ടിംഗ് ബോര്‍ഡ് എന്നിവയെല്ലാം ഉപയോഗത്തിന് ശേഷം നല്ലരീതിയില്‍ കഴുകി ചൂടുവെള്ളമൊഴിക്കുന്നതും നല്ലതാണ്. കാരണം പാകം ചെയ്യാത്ത ചിക്കനില്‍ നിന്ന് ബാക്ടീരിയ പുറത്തുകടക്കാനുള്ള സാധ്യതകളേറെയാണ്. ചിക്കന്‍ പാകം ചെയ്യുമ്പോള്‍ മാത്രമാണ് ബാക്ടീരിയകള്‍ ഇല്ലാതാകുന്നത്. 

നാല്...

ചിക്കന്‍ ഡിഷുകള്‍ തയ്യാറാക്കുമ്പോള്‍ ( Cooking Chicken) സമയമുണ്ടെങ്കില്‍ ഇത് ആദ്യമേ മാരിനേറ്റ് ചെയ്ത് കുറച്ച് സമയം വയ്ക്കുക. ഇത് വിഭവത്തിന്‍റെ രുചി വര്‍ധിപ്പിക്കും. മാരിനേറ്റ് ചെയ്യാൻ സ്പൈസുകള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതാണ്. അല്‍പം തൈരോ നാരങ്ങാനീരോ എല്ലാം ചേര്‍ക്കുന്നത് ചിക്കൻ കുറെക്കൂടി സോഫ്റ്റാകാനും രുചികരമാക്കാനും സഹായിക്കും. 

അഞ്ച്...

ചിക്കന്‍ ബ്രെസ്റ്റ് പോലുള്ള പീസുകള്‍ അങ്ങനെ തന്നെ പാകം ചെയ്ത് കഴിക്കുമ്പോള്‍ പുറംഭാഗം മാത്രം വെന്ത് അകം വേവാതിരിക്കുന്ന പ്രശ്നം വരാം. ഇതൊഴിവാക്കാൻ ഹാമ്മറോ മാലെറ്റോ ഉപയോഗിച്ച് ഇറച്ച് ഇടിച്ച് പതം വരുത്തിയ ശേഷം മാത്രം പാകം ചെയ്യുക. 

ആറ്...

ചിക്കന്‍റെ പുറംഭാഗം ക്രിസ്പിയും അകം സോഫ്റ്റുമായി കിട്ടാനാണെങ്കില്‍ ചിക്കന്‍റെ സ്കിന്‍ കളയാതെ ഉപയോഗിക്കുക. ചിക്കന്‍റെ അകത്തെ നീര് നഷ്ടപ്പെടാതിരിക്കാൻ ചിക്കന്‍റെ തൊലി കളയാതിരിക്കുന്നത് സഹായിക്കും. 

ഏഴ്...

ഫ്രീസറില്‍ വച്ച ചിക്കന്‍ പാകം ചെയ്യുന്നതിനായി നേരിട്ട് റൂം ടെപറേച്ചറിലേക്ക് എടുത്ത് മാറ്റിവയ്ക്കാതിരിക്കുക. തണുത്ത വെള്ളത്തിലിറക്കി വച്ച ശേഷമോ, കുറച്ചധികം സമയം ഫ്രിഡ്ജില്‍ തന്നെ (ഫ്രീസറിന് പുറത്ത്) സൂക്ഷിക്കുകയോ, ഓവനില്‍ വയ്ക്കുകയോ ചെയ്യുന്നതാണ് ഉചിതം. അല്ലാത്ത പക്ഷം ബാക്ടീരിയ ഇരട്ടിക്കാൻ സാധ്യതയുണ്ട്. 

എട്ട്...

ചിക്കന്‍ പാകം ചെയ്യുമ്പോള്‍ എപ്പോഴും കഷ്ണങ്ങള്‍ തുല്യ അളവില്‍ തന്നെ മുറിക്കുക. അല്ലെങ്കില്‍ വേവ് തുല്യമാകാതെ പോകാം. അതുപോലെ ചിക്കന്‍ അടച്ചുവച്ച് തന്നെ വേവിക്കുക. അങ്ങനെയെങ്കില്‍ ചിക്കന്‍ സോഫ്റ്റ് ആയും ജ്യൂസിയായും ലഭിക്കും. 

Also Read:-  'ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും'; കുറിപ്പ് വായിക്കാം

Follow Us:
Download App:
  • android
  • ios