പുരുഷന്മാരില്‍ കാണപ്പെടുന്നതാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍.  പുരുഷന്‍റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. 

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പൊതുവേ 65 വയസ്സ് കഴിഞ്ഞവരിലാണ് കാണപ്പെടുന്നത്. പ്രോസ്റ്റേറ്റ് ക്യാന്‍സറുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ നടന്നുവരുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ വന്ന പഠനം പറയുന്നത് ഇങ്ങനെ. പാല്‍ ഉല്‍പ്പന്നങ്ങള്‍  കൂടുതലായി കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുമത്രേ. യുഎസിലെ റോചെസ്റ്ററിലുളള മയോ ക്ലിനിക്കിലാണ് പഠനം നടത്തിയത്. 

ജീവിതശൈലിയും ഭക്ഷണവും ക്യാന്‍സര്‍ ഉണ്ടാകാനുളള ഘടകങ്ങളാണ്. പാലും ചീസും പ്രോസ്റ്റേറ്റ് ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഓസ്ടിയോപാത്തിക്ക് അസോസിയേഷന്‍ ജേണലിലും ഇക്കാര്യം പറയുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട പഠനങ്ങളും മയോ ക്ലിനിക്കിലെ ഗവേഷകര്‍ പരിശോധിച്ചു. 2006 മുതല്‍ 2017 വരെയുള്ള പഠനങ്ങളിലൂടെ ഏകദേശം ഒരു കോടി ആളുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. 

വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു. അതിനാല്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ കുറച്ചതിന് ശേഷം ഭക്ഷണത്തില്‍ പച്ചക്കറികള്‍ ധാരാളമായി ചേര്‍ക്കുന്നത് നല്ലതാണ്. അമേരിക്കയില്‍ ഓരോ വര്‍ഷവും പുതിയ 174,650 പേരാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ രോഗികളാകുന്നത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന്‍റെ രണ്ടാമത്തെ കാരണം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ആണെന്നും പഠനം പറയുന്നു. 

മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, രക്തത്തിന്‍റെ അംശം, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം.