മധുരം ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കം പേരാണ്. മധുരത്തില്‍ തന്നെ മിക്കവര്‍ക്കും ഏറ്റവും പ്രിയം ചോക്ലേറ്റുകളോടാണ്. എന്നാല്‍ നമ്മള്‍ വിപണിയില്‍ നിന്ന് വാങ്ങിക്കഴിക്കുന്ന എല്ലാതരം മധുര പലഹാരങ്ങളും ചോക്ലേറ്റുകളുമൊന്നും അത്രമാത്രം ആരോഗ്യകരമല്ലെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. 

എന്നാല്‍ സധൈര്യം കഴിക്കാവുന്ന ഒന്നുണ്ട്, മറ്റൊന്നുമല്ല ഡാര്‍ക് ചോക്ലേറ്റ്. പൊതുവേ സാധാരണക്കാര്‍ അധികം കഴിക്കാത്ത ഒന്നാണിത്. എന്നാല്‍ ഇതിന്റെ ഗുണങ്ങളറിഞ്ഞാല്‍ തീര്‍ച്ചയായും ഇടയ്‌ക്കെങ്കിലും അല്‍പം ഡാര്‍ക് ചോക്ലേറ്റ് കഴിക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

പ്രധാനമായും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് ഡാര്‍ക് ചോക്ലേറ്റ്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, സിങ്ക്, സെലേനിയം, ഇലക്ട്രോലൈറ്റുകള്‍ എന്നിവയാണ് ബുദ്ധിയുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നത്. അതുപോലെ രക്തയോട്ടം നല്ലരീതിയില്‍ നടക്കാനും അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള മറവിരോഗങ്ങളെ ഒരു പരിധി വരെ തടയാനുമെല്ലാം ഡാര്‍ക് ചോക്ലേറ്റ് സഹായകമാണ്. 

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു എന്നതിന് പുറമെ രക്തസമ്മര്‍ദ്ദം വരുതിയിലാക്കാനും, ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുമെല്ലാം വളരെയധികം ഉപകാരപ്രദമാണ് ഡാര്‍ക് ചോക്ലേറ്റ്. 

പലര്‍ക്കും ഡാര്‍ക് ചോക്ലേറ്റിന്റെ രുചി ഇഷ്ടമാകില്ല, അതിനാലായിരിക്കാം അവരത് കഴിക്കാന്‍ തെരഞ്ഞെടുക്കാത്തതും. രുചിയുണ്ട് എന്നതിനാല്‍ പ്രോസസ് ചെയ്ത ചോക്ലേറ്റുകള്‍ ധാരാളം പേര്‍ കഴിക്കുന്നുമുണ്ട്. എന്നാല്‍ ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഡാര്‍ക് ചോക്ലേറ്റിനെ വെല്ലാന്‍ മറ്റുള്ള ചോക്ലേറ്റുകള്‍ക്കോ മധുരപലഹാരങ്ങള്‍ക്കോ ഒന്നുമാകില്ലെന്ന് മനസിലാക്കുക. അപ്പോള്‍ ഇനി, ഇടയ്‌ക്കെങ്കിലും അല്‍പം ഡാര്‍ക് ചോക്ലേറ്റ് കഴിച്ച് ശീലിക്കുമല്ലോ അല്ലേ?