പ്രമേഹം ഇന്ന് മിക്കവരെയും അലട്ടുന്ന അസുഖമാണ്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. 

പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. 95% പ്രമേഹ രോഗികളിലും കാണപ്പെടുന്നത് ടൈപ്പ്  2 പ്രമേഹം ആണ്. സാധാരണയായി  35 വയസ്സിന് മുകളിൽ  ഉള്ളവർക്കാണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത്. ഇൻസുലിന്റെ  ഉല്പാദനക്കുറവോ അല്ലെങ്കിൽ ഉല്പാദിപ്പിക്കാതെയിരിക്കുകയോ ചെയ്യുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. 

ടൈപ്പ് 2 പ്രമേഹത്തിന് ഒരു കാരണം ഭക്ഷണരീതി കൂടിയാണ്. ഭക്ഷണത്തിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഇവ കുറയ്ക്കുകയും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

 ചില പ്രത്യേക ഭക്ഷണങ്ങൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു...

മുട്ട...

 പ്രഭാത ഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കുമെന്ന് യുകെയിലെ നാഷണൽ ഹെൽത്ത് സ്റ്റഡിയിൽ പറയുന്നു. പ്രോട്ടീൻ ഡയറ്റിന്റെ ഭാഗമായി ദിവസവും രണ്ടു മുട്ട കഴിച്ച പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെട്ടതായി കണ്ടു. മുട്ട, ടൈപ്പ് 2 പ്രമേഹത്തിന് ആരോഗ്യകരമായ സമീകൃതാഹാരത്തിന്റെ ഭാഗമാക്കണമെന്ന് പഠനം പറയുന്നു. 

പ്രോട്ടീന്റെ കലവറയായ മുട്ടയിൽ ജീവകങ്ങളും ധാതുക്കളും ധാരാളമുണ്ട്.  ഉപ്പോ കൊഴുപ്പോ ചേർക്കാതെ വേവിച്ചു വേണം മുട്ട കഴിക്കാൻ. അതുപോലെ കറുവപ്പട്ട 90 ദിവസം കഴിച്ച പ്രമേഹരോഗികളിൽ ഗ്ലൂക്കോസുമായി ബന്ധപ്പെട്ട ഹീമോഗ്ലോബിൻ A1C യുടെ അളവ് ഇരട്ടിയിലധികം കുറ‍ഞ്ഞതായും പഠനം പറയുന്നു.

വെണ്ടയ്ക്ക...

വെണ്ടയ്ക്കയില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് . നാരുകളാല്‍ സമ്പമാന്നയ വെണ്ടയ്ക്ക പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വെണ്ടയ്ക്കയില്‍ വിറ്റാമിന്‍ ബിയും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പാവയ്ക്ക...

പ്രമേഹ​രോ​ഗികൾ ദിവസവും പാവയ്ക്ക കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് തന്നെയാണ് മിക്ക പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. പാവയ്ക്ക പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നു. അന്നജത്തിന്റെ ആഗിരണം കൂട്ടുന്ന ചില എൻസൈമുകളെ നിയന്ത്രിക്കാനും പാവയ്ക്കയ്ക്ക് സാധിക്കും.

കോവയ്ക്ക...

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാൻ കോവയ്ക്കയ്ക്ക് സാധിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.  ഇന്റർനാഷണൽ ഡയബറ്റീസ് ജേണലിൽ പ്രസ‍ിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.  നാരുകൾ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക്ക് ഇൻഡക്സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികൾക്ക് വളരെ നല്ലതെന്ന് പറയുന്നത്. 

 ഉലുവ....

ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഉലുവയിലടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് ട്രൈനല്ലീൻ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉലുവ മുളപ്പിച്ച് ഉപയോഗിക്കുന്നതും പൊടിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്. ഉലുവ തിളപ്പിച്ച വെള്ളം മാത്രം കുട‍ിച്ചാൽ ഉലുവയുടെ മുഴുവൻ ഗുണവും ലഭിക്കുകയില്ലെന്നും പഠനങ്ങൾ പറയുന്നു.