ചിലര്‍ക്ക് ശരീരം ആകെ നോക്കുകയാണെങ്കില്‍ വണ്ണമുണ്ടായിരിക്കില്ല. പക്ഷേ വയറ് ചാടിയുമിരിക്കും. വയറില്‍ മാത്രം കൊഴുപ്പടിയുന്നത് കൊണ്ടാണിങ്ങനെ വരുന്നത്. പല കാരണങ്ങളാകാം ഇതിന് പിന്നില്‍. പ്രധാനമായും ജീവിതശൈലി തന്നെയാണ് വില്ലന്‍. നീണ്ട മണിക്കൂറുകള്‍ ഇരുന്ന് ജോലി ചെയ്യുന്നത്, മോശം ഡയറ്റ്, ശരീരം ഒട്ടും അനങ്ങാതിരിക്കുന്നത്- എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം വയറില്‍ കൊഴുപ്പടിയുന്നതിന് കാരണമാകാറുണ്ട്. 

വയറ് കുറയ്ക്കാനും അതുപോലെ തന്നെ ബുദ്ധിമുട്ടാണ്. കുറച്ചില്ലെങ്കിലോ പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും അത് നമ്മെ നയിക്കുകയും ചെയ്യും. ഹൃദയാരോഗ്യത്തെ ബാധിക്കുക, ടൈപ്പ്-2 പ്രമേഹം എന്നിവയൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. 

ഇനി, നല്ലപോലെ വയറുള്ളവര്‍ക്കാണെങ്കില്‍ അത് കുറയ്ക്കാന്‍ വ്യായാമം നിര്‍ബന്ധമാണ്. വ്യായാമം കൊണ്ട് വയറ് കുറയുകയുമില്ല. കൃത്യമായ ഡയറ്റും വേണം. കൃത്യമായ ഡയറ്റ് എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും പേടിയാണ്. നമ്മളെക്കൊണ്ട് പറ്റില്ല എന്നെല്ലാം ആദ്യമേ നിശ്ചയിക്കും. ഡയറ്റ് എന്നത് കൊണ്ട് അത്രയും കഠിനമായ ഭക്ഷണരീതി എന്നല്ല അര്‍ത്ഥമാക്കുന്നത്. 

നിത്യവും കഴിക്കുന്ന ഭക്ഷണങ്ങളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍, അതുപോലെ സമയത്തിന് കഴിക്കുന്നതിന്റെ ആവശ്യകത. ഇത്രയൊക്കെയേ ഡയറ്റ് കൊണ്ടുദ്ദേശിക്കുന്നുള്ളൂ. അപ്പോള്‍ വയറ് കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കഴിക്കേണ്ട ഭക്ഷണങ്ങളിലേക്ക് വരാം. 

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമാണ് നിങ്ങള്‍ ഇതിനായി തെരഞ്ഞെടുക്കേണ്ടത്. വണ്ണം കുറയ്ക്കാന്‍ പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പല പഠനങ്ങളും നേരത്തേ പ്രതിപാദിച്ചിട്ടുണ്ട്. വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, ശരീരവുമായി ബന്ധപ്പെടുന്ന പല കാര്യങ്ങള്‍ക്കും ഉതകുന്നതാണ് പ്രോട്ടീന്‍. 

വയറ് കുറയ്ക്കാന്‍ ആദ്യം നമ്മള്‍ കഴിക്കുന്ന കലോറിയുടെ അളവ് കുറയ്ക്കണം. അധികം കലോറിയുള്ള ഭക്ഷണങ്ങള്‍ പാടെ ഒഴിവാക്കാന്‍ ശ്രമിക്കുക. ഇനി, ശരീരത്തിലെത്തുന്ന കലോറികളെ എരിച്ചുകളയുകയും വേണം. ഇതിന് ദഹനപ്രവര്‍ത്തനങ്ങള്‍ സുഖകരമായി നടക്കണം. ഇവിടെയാണ് പ്രോട്ടീന്റെ പങ്ക് വ്യക്തമാകുന്നത്. ദഹനപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ പ്രോട്ടീന്‍ വളരെയധികം സഹായിക്കും.

ഇടയ്ക്കിടെ വിശപ്പ് തോന്നിയാല്‍ സ്വാഭാവികമായും നമ്മള്‍ ഇടയ്ക്കിടെ വല്ലതും കഴിക്കാനും ശ്രമിക്കും. വണ്ണം കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും ഇതോടെ വെള്ളത്തിലാകും. എന്നാല്‍ പ്രോട്ടീനടങ്ങിയ ഭക്ഷണം ഇങ്ങനെ കൂടെക്കൂടെയുണ്ടാകുന്ന വിശപ്പിനെ ശമിപ്പിക്കും. 

ഇനി, പ്രോട്ടീനടങ്ങിയ ചില ഭക്ഷണങ്ങളേതെല്ലാമെന്ന് ഒന്ന് നോക്കാം. മുട്ട, ഓട്ട്‌സ്, ചിയ സീഡ്‌സ്, പിസ്ത, മത്തന്‍ കുരു, പയര്‍, പച്ചപ്പയര്‍, ഗ്രീന്‍ പീസ്, വെള്ളക്കടല, പാല്‍, ബദാം, പേരയ്ക്ക, ബ്രൊക്കോളി, ഫാറ്റി ഫിഷ് എന്നിവയെല്ലാം ഇതില്‍ ചിലതാണ്. ഇനി ഇത്തരം ഭക്ഷണങ്ങളെല്ലാം എത്ര അളവില്‍ കഴിക്കണമെന്ന കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ഒരു ഡയറ്റീഷ്യന്റെ നിര്‍ദേശം തേടാം. കാരണം, പ്രായം, ലിംഗവ്യത്യാസം, ആരോഗ്യാവസ്ഥ എന്നിവയ്‌ക്കെല്ലാം അനുസരിച്ച് ഭക്ഷണങ്ങളുടെ അളവിലും വ്യത്യാസം വന്നേക്കാം. ഡയറ്റ് ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ, വ്യായാമത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധ വയ്ക്കണേ, അക്കാര്യം മറന്നാലും രക്ഷയില്ലെന്നോര്‍ക്കുക.