നാരങ്ങയുടെ നീരു മാത്രമല്ല തൊലികൊണ്ടും പാനീയം ഉണ്ടാക്കാം എന്നു പറയുകയാണ് ഒരു റെഡ്ഡിറ്റ് ഉപയോക്താവ്.
മിക്ക അടുക്കളകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് ചെറുനാരങ്ങ. നാരങ്ങാനീര് ആരോഗ്യത്തിന് വളരെ നല്ലതാണ്. നാരങ്ങയിൽ ധാരാളം വിറ്റാമിനുകളും, ധാതുലവണങ്ങളും പോഷകഘടകങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി അടങ്ങിയ നാരങ്ങാവെള്ളം പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കും.
പണ്ടുകാലം തൊട്ടേ മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഒരു പാനീയമാണ് നാരങ്ങാവെള്ളം. പെട്ടെന്ന് അതിഥികൾ കയറിവരുമ്പോള്‍ നാരങ്ങയെ ആണ് പലരും ആശ്രയിക്കുന്നത്. അത്ര എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഈ പാനീയം.

എന്നാല്‍ ഇത്തരത്തില്‍ അതിഥികൾ അപ്രതീക്ഷിതമായ കയറിവരുമ്പോള്‍ നാരങ്ങ ഇല്ലെങ്കിലോ? ഇതിനൊരു പരിഹാരമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. നാരങ്ങയുടെ നീരു മാത്രമല്ല തൊലികൊണ്ടും പാനീയം ഉണ്ടാക്കാം എന്നു പറയുകയാണ് ഒരു റെഡ്ഡിറ്റ് ഉപയോക്താവ്.
'ലെമണേയ്ഡ്' തയ്യാറാക്കാൻ നാരങ്ങയുടെ തൊലി ഉപയോഗിക്കേണ്ട വിധമാണ് റെഡ്ഡിറ്റ് പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാരങ്ങയുടെ തൊലി അഞ്ച് മിനിറ്റോളം വെള്ളത്തിലിട്ട് തിളപ്പിക്കാനാണ് പോസ്റ്റിൽ പറയുന്നത്. ശേഷം നോക്കിയാൽ മഞ്ഞ നിറത്തിൽ നാരങ്ങയുടെ അതേ മണവും രുചിയുമുള്ള വെള്ളം ലഭിക്കുമത്രേ.

നാരങ്ങയുടെ തൊലി ഉപയോഗിക്കാൻ ഇതിലും മികച്ച വഴിയില്ലെന്നും കക്ഷി പറയുന്നു. നിരവധി പേരാണ് പോസ്റ്റിനു കീഴെ അഭിപ്രായങ്ങൾ പങ്കുവച്ചത്. പലരും ഇത് പരീക്ഷിച്ചു എന്നും നാരങ്ങ കൊണ്ട് രുചികരമായ ലെമണേയ്ഡ് ഉണ്ടാക്കാനുള്ള വഴിയാണിതെന്നുമൊക്കെയാണ് കമന്‍റുകള്‍.
Also Read: നാരങ്ങ ഉപയോഗിച്ച ശേഷം തൊലി കളയല്ലേ; ഇതാ 5 കിടിലന്‍ 'ഐഡിയ'കള്‍...
